കോഴിക്കോട്: പേശികളെയും നാഡികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിലെ മികവിന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയൻസസ് വിഭാഗത്തിന് സെന്റർ ഓഫ് എക്സലൻസ് ഫോർ റെയർ ഡിസീസസ് പുരസ്കാരം ലഭിച്ചു. ഈ പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ പീഡിയാട്രിക് ന്യൂറോസയൻസസ് വിഭാഗമാണിത്.
കോടികൾ ചികിത്സാ ചെലവ് വരുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫി പോലുള്ള ജനിതക രോഗങ്ങൾക്കും നാഡികളെയും പേശികളെയും ബാധിക്കുന്ന അസുഖങ്ങൾക്കുള്ള ചികിത്സ ഒറ്റക്കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ ന്യൂറോമസ്‌കുലാർ ക്ലിനിക് ആരംഭിച്ചത്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സെന്റർ ഒഫ് എക്സലൻസ് പ്രഖ്യാപനം നിർവഹിച്ചു. ആസ്റ്റർ മിംസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി ഫിറോസ് ഖാൻ, ഡോ.ഇ.കെ. സുരേഷ്‌കുമാർ, ഡോ.നൗഫൽ ബഷീർ, ഡോ.സ്‌മിലു മോഹൻലാൽ, ഡോ.ദിവ്യ പച്ചാട്ട് , ഡോ.ജ്യോതി മഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.