കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം കരുണാ നിവാസിൽ ഒരു കുടുംബം കാത്തിരിക്കുകയാണ് മകളുടെ വരവിനായി. ഇന്നലെ ഉച്ചകഴിഞ്ഞ് വിളിച്ചതാണ്, വിമാനം കയറിയിട്ട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ലെന്ന് പറയുമ്പോൾ അമ്മ സബിതയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. യുക്രെയിൻ ഇവാൻ ഹെർബറ്റോവിസ്കി ടർണോപ്പിൽ നാഷണൽ മെഡിക്കൽ സർവകലാശാലയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ പൂജാകൃഷ്ണ ഇന്നലെ ഉച്ചയ്ക്ക് വിളിക്കുമ്പോൾ തൊട്ടടുത്ത രാജ്യമായ സ്ലോവോക്കിയയുടെ അതിർത്തിക്ക് സമീപം എത്തിയെന്നാണ് അറിയിച്ചത്. വിമാനം കയറും മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ പീന്നിട് വിളിയൊന്നും ഉണ്ടായില്ല. ചെറുപ്പം തൊട്ടേ പൂജയുടെ വലിയ സ്വപ്നമായിരുന്നു ഡോക്ടർ ആവുകയെന്നത്. ഹെഡ് പോസ്റ്റ് ഓഫീസിലെ ഇ.ഡി ജീവനക്കാരൻ കൃഷ്ണൻകുട്ടിയുടെ വരുമാനം കൊണ്ട് നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാനാവില്ലെന്ന് അറിയുന്നതുകൊണ്ട് കഷ്ടപ്പാടുകൾക്കിടയിലും ചെലവ് കുറവുള്ള യുക്രെയിനിലേക്ക് പോകാൻ തീരുമാനിച്ചത്. കടം വാങ്ങിയും സുഹൃത്തുകളുടെയും മറ്റും സ്വർണം പണയം വച്ചാണ് മെഡിസിന് ചേർത്തത്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ മകളെ ഒരു ഡോക്ടറായി കാണാമെന്ന് മോഹിച്ചിരിക്കുമ്പോഴാണ് യുദ്ധം കരിനിഴലായത്. യുക്രെയിൻ യുദ്ധ മേഖലയിൽ നിന്ന് കോളേജിലെ എട്ട് വിദ്യാർത്ഥികളടങ്ങുന്ന സംഘം മലയാളിയായ ഡോ. ജെഫ്രിതിന്റെ നേതൃത്വത്തിൽ നോർക്കയുടെ നിർദ്ദേശപ്രകാരം നീങ്ങുകയാണെന്ന പൂജയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ.