ബാലുശ്ശേരി: മഞ്ഞപ്പുഴ സംരക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കാർഷികമേഖല മെച്ചപ്പെടുത്താനും വേനൽ കാലത്തെ ജലക്ഷാമം പരിഹരിക്കാനും പുഴയിൽ ജലസാന്നിദ്ധ്യം നിലനിറുത്തുന്നതിനും ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജലസേചന പ്രവർത്തിക്കു വേണ്ടി കോട്ടനട ഭാഗത്ത് പമ്പ് ഹൗസ് നിർമാണവും ഇരുകരകളെയും ബന്ധിപ്പിച്ചു കൊണ്ട് കൈവരികളോട് കൂടിയ പുതിയ നടപ്പാലവും കരകളുടെ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി രണ്ട് കോടിയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബാലുശ്ശേരി, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മഞ്ഞപ്പുഴ വലിയൊരുപ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളസ്രോതസ്സാണ്. പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലെ അഞ്ച് കുടിവെള്ള പദ്ധതികളുടെ കിണറുകൾ മഞ്ഞപ്പുഴയോരത്താണുള്ളത്.

മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കൃഷിക്കും കുടിവെള്ളത്തിനും ജനങ്ങൾ ആശ്രയിക്കുന്ന കനാലുകളുടെ നവീകരണവും ഇതിനൊപ്പം നടത്തേണ്ടതുണ്ട്. 2024 ആവുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ടാപ്പ് വഴി വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മഞ്ഞപ്പുഴ പുനരുജ്ജീവനം നടപ്പിലാക്കുന്നതുവഴി ഒരു സംസ്‌കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സച്ചിൻ ദേവ് എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു.

മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പി സഹർ, സ്ഥിരം സമിതി അംഗം ഹരീഷ് ത്രിവേണി, പഞ്ചായത്ത് അംഗങ്ങളായ ആർ. സി സിജു, കെ. വി മൊയ്തു, വത്സൻ തറോൽ, പി. ഷിജി, കെ. രമ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ. കെ സത്യൻ സ്വാഗതവും മൈനർ ഇറിഗേഷൻ സെക്ഷൻ അസി. എൻജിനീയർ എ.കെ സജീവ് നന്ദിയും പറഞ്ഞു.