കോഴിക്കോട്: നഗരത്തിൽ ഈസ്റ്റ്ഹിൽ ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മൂന്നുദിവസം. പരാതിയെത്തുടർന്ന് പ്രദേശത്തെ കുടിവെള്ള കണക്ഷനെല്ലാം ഓഫ് ചെയ്‌തെങ്കിലും വെള്ളം പൊട്ടിയൊഴുകലിന് പരിഹാരമായില്ല. രണ്ടുദിവസമായി ഈസ്റ്റ്ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ കുടിവെള്ളമെത്തിയിട്ട്.
ഗവ.ഗസ്റ്റ്ഹൗസിന് താഴെയായി ഈസ്റ്റ്ഹിൽ ജംഗ്ഷനിലെ ബസ്റ്റോപ്പിന് മുമ്പിലാണ് റോഡിനടിയിലായി കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പോകുന്നത്. പഴശ്ശിരാജ മ്യൂസിയത്തിന് സമീപത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കുള്ളത്. ഇവിടെനിന്ന് താഴേക്ക് വരുന്ന മെയിൻ പൈപ്പ് ലൈനാണ് ശനിയാഴ്ച പൊട്ടിയത്.ഉടനെ പരിസരവാസികളും കച്ചവടക്കാരുമെല്ലാം അധികൃതരെ ഫോണിൽ വിളിച്ചും നേരിട്ടും പാരാതിനൽകി. എന്നാൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതല്ലാതെ പരിഹാരമൊന്നുമുണ്ടായില്ല. പുതുതായി നന്നാക്കി ടാർ ചെയ്ത് മനോഹരമാക്കിയ റോഡാണിത്.
റോഡ് നേരെയാക്കുന്നതിന്മുമ്പ് അടിയിലൂടെ പോകുന്ന കുടിവെള്ളപൈപ്പുകളുടെ സുരക്ഷയും അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. എന്നാൽ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ പുഴ പോലെ ഒഴുകുമ്പോഴും പ്രദേശത്ത് കുടിവെള്ളം കട്ട് ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കുടിവെള്ള പൈപ്പ് പൊട്ടിയ വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ട്.സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പ്രശ്‌നം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പ്രദേശത്തെ ലൈനുകൾ ഓഫാക്കുകയും മെയിൻ ടാങ്ക് കാലിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വെള്ളം പൊട്ടിയൊലിക്കുന്നത് നിന്നിട്ടില്ല. എവിടെയാണ് പ്രശ്‌നമെന്ന് കണ്ട് എത്രയുംവേഗം പരിഹാരമുണ്ടാക്കും.''എൽ.ബിന്ദു,
വാട്ടർ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ