മുക്കം: നാട്ടുകാർക്ക് വേണ്ടത് കോൺക്രീറ്റ് പാലം. അനുവദിച്ചതോ തൂക്കുപാലം. ഫലത്തിൽ ഒന്നുമില്ലാത്ത അവസ്ഥ. മുക്കം നഗരസഭയിലെ കച്ചേരി പ്രദേശത്തെയും കാരശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിനെയും ബന്ധിപ്പിച്ച് ഇരുവഞ്ഞി പുഴയിലെ വൈശ്യം പുറത്ത് കടവിൽ അനുവദിച്ച പാലമാണ് കുടുക്കിൽ പെട്ടത്.

ഇവിടെ കോൺക്രീറ്റ് പാലം അനുവദിക്കുകയും അതിനായി രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തതായി അറിയിപ്പു വന്ന് നാലു വർഷം കാത്തിട്ടും നടപടിയൊന്നുമുണ്ടാവാത്ത സാഹചര്യമാണ്. അന്നത്തെ എം.എൽ.എ.ജോർജ് എം.തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.34 കോടി രൂപ ഉപയോഗിച്ച് തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു. എം.എൽ.എ 2021 ഫെബ്രുവരി 16ന് തൂക്കുപാലത്തിൻ പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ ഇതുവരെ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കോൺക്രീറ്റ് പാലം പോയ വഴി തന്നെ തൂക്കുപാലവും പോയോ എന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. തുക അനുവദിച്ച ശേഷമുള്ള തുടർ നടപടികളിൽ അലംഭാവമുണ്ടായതാണ് സ്തംഭനാവസ്ഥയ്ക്ക് കാരണം. കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരി, ചീപ്പാൻകുഴി, നാഗേരിക്കുന്ന് പ്രദേശത്തുകാർക്കും മുക്കം നഗരസഭയിലെ കച്ചേരി, ആറ്റുപുറം, കുറ്റിപ്പാല,മാമ്പറ്റ പ്രദേശങ്ങളിലും ഉള്ളവർക്ക് പരസ്പരം ബന്ധപ്പെടാനുപകരിക്കുന്ന നിർദ്ദിഷ്ട പാലം വെള്ളപ്പൊക്കമുണ്ടാകുന്ന അവസരങ്ങളിൽ ഏറെ പ്രയോജനപ്പെടും. അതേ സമയം തുക്കു പാലത്തിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആളുകളധികവും യാത്രയ്ക്ക് വാഹനങ്ങളെ ആശ്രയിക്കുന്ന പുതിയ കാലത്ത് വാഹനഗതാതത്തിനുപകരിക്കുന്ന കോൺക്രീറ്റു പാലം തന്നെ നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.