കൽപ്പറ്റ: പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി 7025 കുട്ടികൾക്ക് കൂടി ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഇതിൽ 60 പേർ ഇതര സംസ്ഥാന കുട്ടികളാണ്. ഇതോടെ ആകെ 60804 കുട്ടികൾക്ക് വാക്സിൻ നൽകി. ജില്ലയിൽ 64953 കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 93.6 ശതമാനം കുട്ടികൾ ഇതോടെ സ്വീകരിച്ചു. പരിശീലനം ലഭിച്ച വളന്റിയർമാരും ആശാ, അംഗൻവാടി, ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തിയാണ് ഇന്നലെ പോളിയോ തുള്ളി മരുന്ന് നൽകിയത്. കൂടാതെ ബസ് സ്റ്റാന്റുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പോളിയോ ബൂത്തുകളായി പ്രവർത്തിച്ചു. തുള്ളി മരുന്ന് സ്വീകരിക്കാൻ കഴിയാത്തവർക്ക് ഇന്നും ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വാക്സിൻ നൽകുമെന്ന് ഡി.എം.ഒ അറിയിച്ചു.