സുൽത്താൻ ബത്തേരി: ദേശീയ പാത 766-ൽ ബത്തേരിക്കടുത്ത മൂലങ്കാവ് നായ്‌ക്കെട്ടി പ്രദേശങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം തുടരുന്നു. ശനിയാഴ്ച വൈകിട്ട് ഇതുവഴി കാറിൽ യാത്രചെയ്യുകയായിരുന്ന ആളുകൾ കടുവയെ കണ്ടിരുന്നു. ദേശീയപാതയിൽ നിന്ന് എറളോട്ടുകുന്ന് ഭാഗത്തേക്ക് തിരിയുന്നിടത്താണ് കടുവയെ കണ്ടത്. ഇത് ജനങ്ങൾ കാര്യമായി എടുത്തില്ലെങ്കിലും തൊട്ടടുത്ത ദിവസവും ഇല്ലിച്ചോട് ചിത്രാലക്കര ഭാഗത്തായി കടുവയെ കണ്ടു. ഇതോടെയാണ് കടുവ പ്രദേശത്ത് തങ്ങുന്നതായി കണ്ടെത്തിയത്.
കാലത്ത് പത്രമെടുക്കാനും പാലിനും പോയ ആളുകളാണ് കാലിന് പരിക്കേറ്റ നിലയിൽ മുടന്തിനടക്കുന്ന കടുവയെ കണ്ടത്. റോഡിന് എതിവർവശം വന്യ ജീവി സങ്കേതമാണ്. ഇവിടെനിന്ന് കടന്നുവന്നതാകാമെന്ന് സംശയിക്കുന്നു. പകൽ സമയങ്ങളിൽ വനമേഖലയിൽ തങ്ങുന്ന കടുവ സന്ധ്യമയങ്ങുന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്. ഇരയെ ഓടിച്ച് പിടിക്കാൻ പറ്റാത്തതിനാലാണ് കടുവ നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് കരുതുന്നു.
10 വർഷം മുമ്പ് ഈ മേഖലയിൽ കടുവയിറങ്ങി കർഷകരുടെ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. അവസാനം കടുവയെ കൂട് വെച്ച് പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കാടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടതോടെ ജനങ്ങൾ ഭീതിയിലാണ്.