വിശ്രമമില്ലാതെ അഗ്നിശമനസേന

കോട്ടയം: ജില്ലയിൽ തീച്ചൂടാണ്... വേനലെത്തിയാൽ തീപിടിത്ത സംഭവങ്ങൾ പതിവാണ്. അതിന് ഇത്തവണയും മാറ്റമില്ല. തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ അഗ്നിശമന സേനാംഗങ്ങൾക്കും വിശ്രമമില്ല. കടുത്തചൂടിൽ മലയോരമേഖലയിൽ പോലും തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ചു.

ഈ വേനൽകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റബർ തോട്ടങ്ങൾ, പുരയിടങ്ങൾ, പുകപ്പുരകൾ, പാടശേഖരങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയായി. ആളപായങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നഷ്ടങ്ങൾ നിരവധിയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടിന് കാഠിന്യമേറിയതോടെ തീപിടിത്തത്തിന്റെ വ്യാപ്തിയും വർദ്ധിച്ചു. കോട്ടയം, പാമ്പാടി, കടുത്തുരുത്തി അഗ്നിശമന സ്റ്റേഷൻ പരിധികളിൽ ദിവസേന നാലും അഞ്ചും തീപിടിത്തങ്ങളാണ് ഉണ്ടാകുന്നത്. ഇതോടെ അഗ്നിശമന സേന പ്രവർത്തകർക്കും വിശ്രമില്ലാതായി.

അശ്രദ്ധ അരുത്

ഉച്ചകഴിഞ്ഞുള്ള ചൂടും കാറ്റും തീ പൊടുന്നനെ പടരാൻ ഇടയാക്കും. പലപ്പോഴും അശ്രയും വില്ലനാകാറുണ്ട്. തീപടരാതിരിക്കാൻ ഫയർ ബ്രേക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം തീ കത്തിക്കണമെന്നും അഗ്നിശമന അധികൃതർ പറയുന്നു.