mg

കോട്ടയം: കേരളത്തിലുള്ള പ്രമുഖരെ തഴഞ്ഞ് ഡൽഹിയിലും ചെന്നെയിലുമുള്ള വി.വി.ഐ.പികളെ എം.ജി സർവകലാശാലായിലെ വിവിധ ചെയർ അദ്ധ്യക്ഷന്മാരാക്കിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർവകലാശാലക്ക് ബാദ്ധ്യതയാവുന്നു .

'ദ ഹിന്ദു' ഡയറക്ടറും പ്രശസ്ത പത്രപ്രവർത്തകനും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ ഡോ.എൻ.റാമിനെ ബഞ്ചമിൻ ബെയ്‌‌ലി ചെയറിന്റെ അദ്ധ്യക്ഷനാക്കിയതിന് പിറകേ ശ്രീനാരായണ ചെയർ അദ്ധ്യക്ഷയായി നിയമിച്ചത് ഡൽഹിയിലുള്ള ജാനകി എബ്രഹാമിനെയാണ്. ഇരുവർക്കും ഇടക്കിടെ അതിരമ്പുഴയിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്തു വരാനും ചെയറിന്റെ പ്രവർത്തനം സജീവമാക്കാനുമുള്ള ഫണ്ടെവിടെനിന്നെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് ഉത്തരമില്ല .

178,. 25 കോടിരൂപയാണ് എം.ജി സർവകലാശാലക്ക് ഒരു വർഷം പ്ലാൻ ഫണ്ടായി സർക്കാരിൽ നിന്ന് ലഭിക്കുന്നത്. എസ്.എം.ഇ അടക്കം വരുമാനമുള്ള വിഭാഗങ്ങൾ ആരോഗ്യ സർവകലാശാലയോട് ചേർത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സർവകലാശാല ഇപ്പോൾ. ഇതിനിടയിലാണ് കേരളത്തിന് പുറത്തു നിന്ന് വി.ഐ.പികളെ ചെയർപേഴ്സണായി കൊണ്ടു വന്നുള്ള അധിക ബാദ്ധ്യത.

അലവൻസ് കൊടുക്കാൻ ഫണ്ടില്ലെന്ന ന്യായം പറഞ്ഞു ശ്രീനാരായണ ചെയർ അദ്ധ്യക്ഷ നിയമനം വർഷങ്ങളോളം നീണ്ടതിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. 'പിരിവ് നടത്തിയോ ഫണ്ട് ഉണ്ടാക്കിയോ വേണമെങ്കിൽ ശ്രീനാരായണ ചെയറിന്റെ പ്രവർത്തനം ആരംഭിക്കാ'മെന്നായിരുന്നു പരാതിക്കാർക്ക് സർവകലാശാലാ അധികൃതർ പരിഹാസത്തോടെ നൽകിയ മറുപടി.

ശ്രീനാരായണ ചെയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 'സംസ്കൃത വത്ക്കരണത്തിന്റെ സാധുകരണവും കേരളത്തിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളും' എന്ന വിഷയത്തിൽ സർവകലശാലാ ആസ്ഥാനത്ത് പ്രഭാഷണം നടന്നിരുന്നു. ഇതിനായി ചെയർപേഴ്സൺ ഡൽഹിയിൽ നിന്ന് വന്നു പോയി . പിന്നീട് ചെയർ പ്രവർത്തനം നടന്നിട്ടില്ല. ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഒരു പരിപാടി നടത്താൻ ചെയറിന് കഴിയാത്തതിനെതിരെ വിമർശനം ഉയർന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.

മുപ്പതോളം മഹാന്മാരുടെ പേരിൽ ചെയറുകൾ തുടങ്ങിയെങ്കിലും മിക്കതും പാതി വഴിയിൽ നിലച്ചു. പ്രശസ്തരെ വിവിധ ചെയറുകളുടെ അദ്ധ്യക്ഷന്മാരാക്കിയുള്ള വാർത്ത നൽകിയുള്ള സർവകലാശാലയുടെ ഇമേജ് മേക്കിംഗിനപ്പുറം അധികൃതർക്ക് താത്പര്യമില്ലെന്നതാണ് അനുഭവം . മാർ ക്രിസോസ്റ്റം തിരുമേനിയുടെ പേരിൽ പുതിയ ചെയറും പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ടില്ലെങ്കിൽ എന്തിന് ചെയർ ആരംഭിച്ച് അപമാനിക്കുന്നുവെന്നു ചോദിച്ചാൽ ഉത്തരമില്ല.

 തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്, ഒന്നും ചെയ്തില്ല

ശ്രീനാരായണ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് പതിറ്റാണ്ടിനു മുമ്പ് എം.ജി സർവകലാശാലയിൽ ശ്രീനാരായണ ചെയർ തുടങ്ങിയത്. പ്രൊഫ. എം.കെ.സാനുവായിരുന്നു ആദ്യ ചെയർമാൻ. ഫണ്ട് അനുവദിക്കാത്തതിനാൽ മികച്ച പ്രവർത്തനം നടത്താൻ സാനുമാഷിനും കഴിഞ്ഞില്ല. ഇതിനിടയിലാണ് വിമാനകൂലി കൊടുത്ത് കൊണ്ടുവരേണ്ടവരെ ചെയർപേഴ്സൺ ആക്കി നിയമിച്ചുള്ള കളി . എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രണ്ടരലക്ഷം രൂപയുടെ പുസ്തകങ്ങളും റാക്കും ചെയറിന് നൽകിരുന്നു. ഇതൊന്നും പുറം ലോകം കാണുന്നില്ലെന്നാണ് പരാതി.

' ശ്രീനാരായണ ദർശനത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള മുൻ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹനടക്കം പ്രമുഖരുടെ പേര് സർവകലാശാലക്ക് നൽകിയിരുന്നിട്ടും പരിഗണിച്ചില്ല.'

ഇ.എം.സോമനാഥൻ, പി.ആർ.ഒ, ശിവഗിരി മഠം