pj-joseph-and-jose-k-mani

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിൽ പോകുമെന്ന് അഭ്യൂഹം. ഇതേത്തുടർന്ന് ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിൽ തുറന്നപോര്. മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയും തമ്മിൽ ഭിന്നതയെന്ന പ്രചാരണവും ഇതിനിടെ ഉയർന്നു.

ഒരു ചാനൽ ചർച്ചയിൽ വിവിധ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ഒന്നിക്കുന്നതിൽ തെറ്റില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ഇതോടെയാണ് ജോസ് വിഭാഗവുമായി ജോസഫ് ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണം ഉയർന്നത്. ജോസ് വിഭാഗവുമായി യോജിപ്പുണ്ടാകുന്നില്ലെങ്കിൽ ജനാധിപത്യ കേരളാ കോൺഗ്രസ് വഴി ഇടതുമുന്നണിയിലെത്താൻ മന്ത്രി ആന്റണി രാജുവുമായി ജോസഫ് ചർച്ച നടത്തിയെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായി. ജോസഫ് വിഭാഗം ഇടതുമുന്നണിയിലെത്തിയാൽ മോൻസ് ജോസഫിനെ മന്ത്രിയാക്കുമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ജെ. ജോസഫിനും നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ മകൻ അപു ജോസഫിനും സീറ്റ് നൽകുമെന്നും പ്രചാരണമുണ്ടായി. പി.ജെ. ജോസഫ് ഇത് നിഷേധിച്ചെങ്കിലും ജോസ് വിഭാഗം നേതാക്കൾ ജോസഫ് വിഭാഗത്തെ പരിഹസിച്ചു രംഗത്തെത്തി.

'പി.ജെ ജോസഫുമായി കേരളാ കോൺഗ്രസ് (എം) വീണ്ടും അടുക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. പിൻവാതിലിലൂടെ കയറി ഇടതുമുന്നണിയെ ദുർബലപ്പെടുത്താനുള്ള അച്ചാരം ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് കൈയിൽ വച്ചാൽ മതി. ജോസഫും കൂട്ടരുമായും ഒരു രാഷ്ട്രീയ സഖ്യത്തെക്കുറിച്ചും തങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല".

- എൻ. ജയരാജ്, സർക്കാർ ചീഫ് വിപ്പ്

'അധികാരവും ജോലിയും ഇല്ലാതെ സർക്കാരിന്റെ ശമ്പളം പറ്റുന്ന ജയരാജ്, ജോസിന്റെ പ്രസ്താവനാ തൊഴിലാളിയായി അധഃപതിക്കരുത്. കെ.എം.മാണിയെ അപമാനിച്ച് ഇല്ലാതാക്കിയ എൽ.ഡി.എഫിൽ കടന്നുകൂടി അധികാരത്തിന്റെ അപ്പക്കഷ്ണം നുകരുന്നവർ നടത്തുന്ന കുപ്രചാരണം അവജ്ഞയോടെ തള്ളിക്കളയുന്നു".

- സജി മഞ്ഞകടമ്പിൽ, ഉന്നതാധികാരസമിതി അംഗം, ജോസഫ് വിഭാഗം