ചങ്ങനാശേരി: നഗരത്തിലെ ശുദ്ധജല പ്രതിസന്ധി പരിഹരിക്കാത്ത വാട്ടർ അതോറിട്ടി അധികൃതർക്കെതിരേ നഗരസഭാ കൗൺസിൽ യോഗത്തിൽ വിമർശനം. കല്ലിശേരി പദ്ധതിയിലെ പൈപ്പ് ചോർച്ച പരിഹരിക്കാത്ത വാട്ടർ അതോറിട്ടി അധികൃതരുടെ നടപടിക്കെതിരേയാണ് വിമർശനം ഉയർന്നത്.

നഗരത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജോമി ജോസഫ്, കുഞ്ഞുമോൾ സാബു തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. ഓൺലൈനിലാണ് യോഗം നടത്തിയത്. ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ സെപ്തംബറിൽ വാട്ടർ അതോറിട്ടി അധികൃതരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ഇതുവരെയും പ്രശ്‌നപരിഹാരം ഉണ്ടായില്ലെന്ന് അംഗങ്ങൾ ആരോപിച്ചു.

വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് ചെയർപേഴ്‌സൺ സന്ധ്യാ മനോജ് അംഗങ്ങൾക്ക് ഉറപ്പുനൽകി.