
കോട്ടയം: വിവിധ മേഖലകളിലായി ജില്ലയ്ക്ക് പ്രഖ്യാപനങ്ങളുടെ തിരയിളക്കമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചെറിയ തലോടലിൽ ഒതുങ്ങി. റബറിനെ മാത്രമാണ് ചെറുതായി ചേർത്ത് പിടിച്ചത്. റബർ ബോർഡിനുള്ള പതിവു വിഹിതം മാത്രമാണ് ഇത്തവണയും കേന്ദ്രബഡ്ജറ്റിൽ ജില്ലയുടെ പേരിൽ എടുത്തുപറയാവുന്ന കാര്യം. അതേസമയം പുതിയ റബർ നയത്തിന്റെ ഭാഗമായാണ് വിഹിതം വർദ്ധിപ്പിച്ചതെന്നാണ് കണക്ക് കൂട്ടൽ. ഇക്കുറി 268.76 കോടി രൂപയാണ് റബർ ബോർഡിനായി നീക്കി വച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള പണവും നീക്കിയാൽ അനുവദിച്ച തുക ഏറെയും തീരും. മുൻ വർഷത്തേക്കാൾ, വിഹിതത്തിൽ വർദ്ധനയുണ്ടായെന്നതു മാത്രമാണു റബർ മേഖലയിൽ നേരിയ ആശ്വാസം പകരുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 187.69 കോടി രൂപയായിരുന്നു ബോർഡിനുള്ള വിഹിതം.
 നികുതി കൂട്ടിയത് ഗുണം
ഇറക്കുമതി ചെയ്യുന്ന നിർമ്മാണ വസ്തുക്കളുടെ നികുതി കൂട്ടിയത് തദ്ദേശീയ റബറിന് ഗുണകരമാകും. സംസ്‌കരിച്ച റബറിന് നികുതി ഭാരമുണ്ടാകുമെന്നതിനാൽ കമ്പനികൾ തദ്ദേശീയ റബറിനെ തേടിയെത്തിയേക്കാം.