p

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ക്രിട്ടിക്കൽ കെയർ ഐ.സി.യുവിലെ വെന്റിലേറ്ററിൽ കഴിയുന്ന വാവ മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിക്കുന്നുണ്ടെന്ന് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ പറ‌ഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ മെഡിക്കൽ കോളേജിലെത്തിച്ച വാവയുടെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം ആശങ്കാജനകമായിരുന്നെങ്കിലും ഇന്നലെ പുലർച്ചെ 2.30 മുതൽ പുരോഗതി കണ്ടുതുടങ്ങി. വിഷം ശ്വാസകോശത്തെ ബാധിക്കാതിരിക്കാനുള്ള ചികിത്സയാണ് ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. ശ്വാസകോശത്തെ ബാധിച്ചാൽ സംസാര ശേഷി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. 48 മണിക്കൂർ നിർണായകമാണ്. സൂപ്രണ്ട് ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളായ ഡോ.ജയപ്രകാശ്, ഡോ.സംഗമിത്ര, ഡോ.രതീഷ് കുമാർ തുടങ്ങിയവരാണ് മെഡിക്കൽ സംഘത്തിലുള്ളത്