കോട്ടയം: നഗരമധ്യത്തിൽ ജനവാസമേഖലയ്ക്ക് സമീപത്തെ രണ്ടേക്കർ പുരയിടത്തിന് തീപിടിച്ചു. മാമ്മൻ മാപ്പിള ഹാളിനു പിൻവശത്തായി കത്തീഡ്രൽ ലെയ്ൻ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഉണങ്ങിയ പുല്ലിനും അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമാണ് തീപിടിച്ചത്. പുരയിടത്തിൽ പൂർണമായും തീ ആളിപ്പടർന്നത് സമീപവാസികളിൽ ആശങ്കയ്ക്കും ഇടയാക്കി. വിവരമറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കോട്ടയം അഗ്നിശമന സേന ഗ്രേഡ് എ.എസ്.ടി.ഒ റെജിമോൻ, ഫയർമാൻമാരായ സുമിത് സുകുമാരൻ, വി.വിവേക്, നിജിൽകുമാർ, എം.കെ രമേശ്, ഫയർഡ്രൈവർ വി.വി വിജേഷ്, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.