
കുറിച്ചി: 'ഇത് സുരേഷേട്ടന്റെ ചെരുപ്പാണ്, ഇന്നലെ ആശുപത്രിയിലേക്കു പോകും വഴി വാഹനത്തിൽ ഊരിപ്പോയതാണ് . പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തുമ്പോൾ ഞങ്ങൾ പുതിയതൊരെണ്ണം വാങ്ങി കൊടുക്കുന്നുണ്ട് ...' വാവ സുരേഷിൻെ നീല നിറത്തിലുള്ള ചെരുപ്പ് എടുത്തുകാട്ടി വേദനയോടെ നിജു പറഞ്ഞു. നിജുവിൻെ വീട്ടിൽ വച്ചാണ് വാവയ്ക്ക് തിങ്കളാഴ്ച മൂർഖന്റെ കടിയേറ്റത്. കടിയേറ്റിട്ടും സ്വന്തം ജീവൻ പണയപ്പെടുത്തി പാമ്പിനെ കുപ്പിക്കുള്ളിൽ അടച്ചതിനെക്കുറിച്ചു പറയുമ്പോൾ നിജുവിന്റെ മുഖത്ത് ആരാധന നിഴലിച്ചു. 'അദ്ദേഹം തിരികെ വരും ഞങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു'ണ്ടെന്ന് നിജു മാത്രമല്ല, ഈ നാടു മുഴുവൻ പറയുന്നു. അദ്ദേഹത്തിൻെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന വാർത്ത നാടിന് വലിയൊരു മുഴുവൻ ആശ്വാസമാണ്.
കുറിച്ചി പാട്ടാശ്ശേരിയിലെ പൊതു വഴിക്ക് സമീപമാണ് നിജുവിൻെ പിതാവ് വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്. പാമ്പ് കല്ലിനടിയിൽ ഉണ്ടെന്ന് മനസ്സിലായ ശേഷം മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലയിട്ട് മൂടിയിട്ടിരിക്കുകയായിരുന്നു.സമീപ പ്രദേശം മുഴുവൻ പാമ്പുകളുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രളയത്തിന് ശേഷമാണ് ഇത്രയും പെരുകിയതെന്ന് സമീപവാസിയായ സാബു പറഞ്ഞു.