പൊൻകുന്നം:വേനൽ കടുത്തതോടെ മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി.കിണറുകളും തോടുകളും വറ്റിവരണ്ടു.വലുതും ചെറുതുമായി നിരവധി കുടിവെള്ളപദ്ധതികൾ ഇവിടെയുണ്ടെങ്കിലും കുടിവെള്ളവിതരണം കാര്യക്ഷമമല്ല. പ്രധാന പദ്ധതിയായ കരിമ്പുകയത്തുനിന്നുള്ള പ്രധാന പൈപ്പടക്കം വഴിനീളെ പൈപ്പുകൾ പൊട്ടിയതാണ് കാരണം. ജലജീവൻ പദ്ധതിപ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. കഴിഞ്ഞ വർഷവും ഇതിനായി ചിറക്കടവ് പഞ്ചായത്തിൽ സർവേ നടത്തിയതാണ്. പക്ഷേ തുടർനടപടികൾ ഉണ്ടായിട്ടില്ല. പദ്ധതി ഏതായാലും വെള്ളം കരിമ്പുകയത്തുനിന്നും ഒരേ പൈപ്പിലൂടെയാണ് വരുന്നത്. പമ്പുചെയ്യാൻ തുടങ്ങിയാൽ പിന്നെ വഴിനീളെ ജലധാരയാണ്. ഇങ്ങനെ ശുദ്ധജലം റോഡിലൂടെ പാഴായി പോകുന്നതുകൊണ്ട് വീടുകളിൽ വെള്ളം എത്താറില്ല.

ഇപ്പ ശരിയാക്കാം!

പരാതി ഉയരുമ്പോൾ പണി നടക്കുന്നു ഉടൻ ശരിയാകും എന്ന മറുപടിയാണ് വാട്ടർ അതോറിട്ടിയിൽനിന്നും ലഭിക്കുന്നത്.ദിവസം ചെല്ലുന്തോറും ചൂടും കുടിവെള്ളക്ഷാമവും രൂക്ഷമാകുമ്പോൾ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.