കറുകച്ചാൽ: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ പത്തനാട്ടെ ലോട്ടറി വിൽപ്പനക്കാരൻ പുറമ്പോട്ടുതാഴെ കൊറ്റൻചിറ വീട്ടിൽ കാസിം റാവുത്തർക്ക് (80). സുഹൃത്തായ പത്തനാട്ടെ മറ്റൊരു ലോട്ടറി വിൽപനക്കാരൻ വളൂർ വീട്ടിൽ കാസിം നൽകിയ ഡബ്ലു.പി.835865 എന്ന ടിക്കറ്റിനാണ് സമ്മാനം. എല്ലാ ദിവസവും പത്തനാട്ട് ടിക്കറ്റുകളുമായി എത്തുന്ന ഇവർ പരസ്പരം ഓരോ ടിക്കറ്റുകൾ കൈമാറുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും ടിക്കറ്റ് കൈമാറി. വൈകിട്ട് ഫലം നോക്കിയപ്പോഴാണ് തന്റെ കൈവശമുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം കാസിം റാവുത്തർ അറിയുന്നത്. എട്ടുമാസം മുൻപ് ഭാര്യ മരിച്ചതോടെ കാസിം റാവുത്തർ ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്. ടിക്കറ്റ് കങ്ങഴ സർവീസ് സഹകരണ ബാങ്ക് ശാഖയിൽ ഏൽപിച്ചു.