vasavan

കോട്ടയം: മൂർഖന്റെ കടിയേറ്റ് അവശനിലയിലായ വാവ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അടിയന്തരമായി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ച മന്ത്രി വി.എൻ.വാസവന്റെ നടപടി പരക്കെ പ്രശംസ ഏറ്റുവാങ്ങി.

പാർട്ടി ജില്ലാ സെക്രട്ടറിയും എം.എൽ.എയും മന്ത്രിയുമാകും മുമ്പ് എന്ത് അത്യാഹിതം ഉണ്ടായാലും ആദ്യം എത്തുക വാസവനെന്ന ചൊല്ല് തന്നെയുണ്ട്. പാമ്പുകടിയേറ്റ് അവശ നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വാവ സുരേഷിനെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചതു മുതൽ മന്ത്രി വാസവൻ നടത്തിയത് സ്തുത്യർഹമായ ഇടപെടലാണ്.

കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ പേ റോളിൽ വാസവന്റെ പേര് ഇല്ലെങ്കിലും ഏത് അത്യാഹിതത്തിൽ പെടുന്നവരെയും ആശുപത്രിയിൽ എത്തിക്കും മുമ്പേ വാസവൻ എത്തിയിരിക്കുമെന്ന പതിവ് വാവ സുരേഷിന്റെ കാര്യത്തിലും തെറ്റിയില്ല. സ്വകാര്യ ആശുപത്രിയിൽ ആന്റിവെനം നൽകിയെങ്കിലും ഹൃദയമിടിപ്പ് താഴ്ന്നതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ ഫോൺചെയ്ത് വെന്റിലേറ്റർ സൗകര്യം ഒരുക്കി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച് ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചതിനു പുറമേ ആവശ്യമായ മരുന്ന് വാങ്ങുന്നതിന് ആശുപത്രി വികസന ഫണ്ട് ഉപയോഗിക്കാനും ചികിത്സ സൗജന്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. ദിവസവും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകുന്നു.

 വീണു പരിക്കേറ്റിട്ടും പിന്തിരിഞ്ഞില്ല

കോട്ടയം എം.എൽ.എയായിരിക്കുമ്പോൾ കുറിച്ചിയിലെ ഒരു വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ ആദ്യം വിളിച്ചത് വാസവനെയായിരുന്നു. അവിടെയെത്തി പാമ്പിനെ പിടികൂടുന്നതിന് നേതൃത്വം നൽകി. ചുങ്കത്ത് ഒരു പേപ്പട്ടി നാട്ടുകാരെ ഓടിച്ചിട്ട് കടിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തി വാഹനത്തിൽ കയറി അനൗൺസ് മെന്റ് നടത്തി നാട്ടുകാരെ രക്ഷിച്ചത് ചർച്ചയായിരുന്നു. കോട്ടയത്ത് പോത്ത് വിരണ്ടോടി പ്രശ്നമുണ്ടാക്കിയപ്പോഴും വാസവൻ ആദ്യമെത്തി. പോത്തിനെ നിയന്ത്രിക്കാൻ പലരും നോക്കിയിട്ടും സാധിച്ചില്ല. അദ്ദേഹത്തിന്റെ ബുദ്ധി പ്രയോഗിച്ച് ഒരു എരുമയെ കൊണ്ടു വന്നതോടെയാണ് പോത്തിനെ പിടിച്ചു കെട്ടാനായത്. കഴിഞ്ഞ പ്രളയകാലത്ത് ടോറസുമായിറങ്ങി കുമരകത്തും എ.സി റോഡിലും പെട്ടു പോയവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനിടെ ടോറസിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റെങ്കിലും എന്ത് അത്യാഹിതത്തെക്കുറിച്ച് കേട്ടാലും എത്ര പാതിരാത്രിയാണെങ്കിലും അവിടെ ആദ്യം ഓടിയെത്തുന്ന സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല .

'ജനങ്ങൾക്ക് വിശ്വാസമുള്ളതു കൊണ്ടാകാം എന്ത് അത്യാഹിതമുണ്ടായാലും ആദ്യം വിളിക്കുന്നത് എന്നെയാണ്. ചെയ്യാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും. അത് എന്നും തുടരും.

- മന്ത്രി വി.എൻ.വാസവൻ