sun

കോട്ടയം: മൂന്നു മാസത്തോളം നിറുത്താതെ പെയ്ത മഴയ്ക്കും ഉരുൾപ്പൊട്ടലിനും ശേഷം ചൂട് കൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായി കോട്ടയം. മുൻപ് വേനൽക്കാലം മാർച്ചും ഏപ്രിലുമായിരുന്നെങ്കിൽ ഇക്കുറി ജനുവരി മുതലേ കടുത്ത ചൂട് ആരംഭിച്ചു. ഏതാനും ദിവസങ്ങളായി രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ചൂടേറിയ നഗരമായി കോട്ടയം മാറി. കുടയില്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്.

തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം ഇന്നലെ പുനലൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് കോട്ടയത്താണ്. ഏതാനും ദിവസങ്ങളായി കോട്ടയമായിരുന്നു മുന്നിൽ. കാറ്റിന്റെ കുറവാണ് ജില്ലയിൽ ചൂട് ക്രമാതീമായി ഉയരാൻ കാരണം. ഇതോടെ, പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ ജനങ്ങൾ മടിക്കുകയാണ്. മഴമുന്നറിയിപ്പും ഇപ്പോൾ ഇല്ല. കടുത്ത വരൾച്ചയിലേയ്ക്ക് പോകാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ തള്ളുന്നില്ല.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളേക്കാൾ ഉയർന്ന അളവിലുള്ള ചൂടാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള താപനിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളിൽ നിന്നും ലഭിക്കുന്നത്. ഇത്തരത്തിലുള്ള പരിശോധനാഫലങ്ങളിൽ ജില്ലയിൽ പലയിടത്തും രേഖപ്പെടുത്തുന്ന പകൽ താപനില 39 ഡിഗ്രി വരെയാണ്.

 കാർമേഘം പോലുമില്ല

സാധാരണ ചൂട് കൂടുമ്പോൾ ആശ്വാസമായി മഴ ലഭിക്കാറുണ്ട്. കഴിഞ്ഞ മാസം ഒമ്പതിന് ജില്ലയിലെ ചിലയിടങ്ങളിൽ മഴ പെയ്തു. തിങ്കളാഴ്ച സമീപജില്ലയായ ഇടുക്കിയിലെ കുട്ടിക്കാനം മേഖലയിൽ മഴ പെയ്തിരുന്നു. ചൂട് കാലത്ത് പെയ്യുന്ന മഴയുടെ അളവും കുറവാണ്. 84 ശതമാനം മഴയാണ് ഈ സമയത്ത് കുറഞ്ഞത്. ജനുവരി ഒന്നു മുതൽ ഇന്നലെ 12.6 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് വെറും 2 മില്ലീമീറ്റർ മാത്രമാണ് . കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള 343 ശതമാനം അധിക മഴ ലഭിച്ചിരുന്നു.

ഇന്നലെത്തെ ചൂട്

കോട്ടയം: 36 ഡിഗ്രി

പുനലൂർ: 36.5 ഡിഗ്രി