മണർകാട് പഴയ കെ.കെ റോഡ് നവീകരിച്ചു,
വൺവേ ബൈപ്പാസ് റോഡിൽ കുഴികൾ
മണർകാട്: വലിയ ആശ്വാസം... മണർകാട് പഴയ കെ.കെ റോഡ് കണ്ട് യാത്രക്കാർ ഒരേ സ്വരത്തിൽ പറയുകയാണ്. ഇന്റർലോക്ക് കട്ടകൾ പാകി റോഡ് സഞ്ചാരയോഗ്യമാക്കിയതോടെ പൊടിശല്യത്തിന് ഉൾപ്പെടെ പരിഹാരമായി. മുമ്പ് നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് തകരുകയായിരുന്നു. അതേസമയം വൺവേ ബൈപ്പാസ് റോഡിന്റെ അവസ്ഥ ദയനീയമായി തന്നെ തുടരുകയാണ്. ഏറെക്കാലമായി റോഡ് തകർന്ന നിലയിലാണ്. വൺവേ ബൈപ്പാസ് റോഡ് പഴയ കെ.കെ റോഡ് സംഗമിക്കുന്ന ഭാഗത്തായിരുന്നു കുഴികൾ വലിയ തോതിൽ രൂപപ്പെട്ടിരുന്നത്.
പഴയ കെ.കെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചെങ്കിലും വൺവേ ബൈപ്പാസ് റോഡ് ആരംഭം മുതൽ കുഴികൾ നിറഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് ടാറിംഗ് പൂർണമായും ഇളകിയ നിലയിലാണ്. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായും മണർകാട് കവലയിലെ കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് വൺവേ ബൈപ്പാസ് റോഡ് ക്രമീകരിച്ചത്. കോട്ടയം കിഴക്കൻമേഖലയിലേക്ക് പോകുന്ന വാഹനങ്ങളും ഏറ്റുമാനൂർ പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും വൺവേ ബൈപ്പാസിലൂടെയാണ് കടന്നുപോകുന്നത്.
പൊടി തന്നെ പൊടി
വൺവേ ബൈപ്പാസ് റോഡ് മാത്രമല്ല പഞ്ചായത്ത് ഓഫീസിനു മുൻവശത്തുകൂടെയുള്ള റോഡും പൊടിനിറഞ്ഞ സ്ഥിതിയാണ്. വൺവേ ബൈപ്പാസ് റോഡിന്റെയും പഞ്ചായത്ത് ഓഫീസിലേയ്ക്കുള്ള റോഡിന്റെയു ശോച്യാവസ്ഥ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.