ajai

രാജാക്കാട്: ഞായറാഴ്ച കാണാതായ അന്യസംസ്ഥാന തൊഴിലാളികളായ യുവതിയടക്കം മൂന്ന് പേരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശികളായ റോഷ്‌നി (20), അജയ് (20), ദുലീപ് (21) എന്നിവരെയാണ് രാജാക്കാട് കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തുങ്കൽ സ്വദേശിയുടെ വാടകവീട്ടിൽ താമസിച്ച് സമീപത്തെ എസ്റ്റേറ്റുകളിലടക്കം വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരായിരുന്നു ഇവർ. ബന്ധുക്കളായ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ക് ഡൗണായതിനാൽ ജോലിയുണ്ടായിരുന്നില്ല. അന്ന് ഉച്ചകഴിഞ്ഞ് അജയും ദുലീപും തൊട്ടടുത്തുള്ള പുഴയിൽ കുളിക്കാൻ പോയി. പിന്നാലെ റോഷ്നിയും പോയി. എന്നാൽ വൈകുന്നേരമായിട്ടും ഇവരാരും തിരികെയെത്തിയില്ല. ഒപ്പം താമസിച്ചിരുന്നവർ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ രാവിലെ കുത്തുങ്കൽ പവർഹൗസിന് സമീപത്തെ ചെമണ്ണാർകുത്തെന്ന് അറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിൽ നിന്ന് അജയ്യുടെയും 25 മീറ്റർ താഴെ മാറി പാറയിൽ നിന്ന് റോഷ്നിയുടെയും ദുലീപിന്റെയും മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം ഫയർഫോഴ്സും ഉടുമ്പഞ്ചോല പൊലീസും മണിക്കൂറുകൾ പണിപ്പെട്ടാണ് മൂന്ന് മൃതദേഹങ്ങളും കരയ്ക്കെത്തിച്ചത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ അഴുകിയിരുന്നു. കൂടെയുള്ളയാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്ന് കരുതുന്നതായി ഉടുമ്പൻചോല സി.ഐ പറഞ്ഞു. മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.