
അടിമാലി: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പ്രവർത്തനങ്ങളും മുൻനിർത്തി അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് ഐ എസ് ഒ സർട്ടിഫൈഡ് അംഗീകാരംലഭിച്ചു. വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി വിഭാഗത്തിനായി നൽകി വരുന്ന വിവിധ സേവനങ്ങൾ,വനത്തിനുള്ളിലെ കുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവർത്തനങ്ങൾ, പ്രകൃതി സൗഹൃദ, പൊതുജന സൗഹൃദ ഓഫീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഐ എസ് ഒ പ്രതിനിധികൾ കഴിഞ്ഞ 3 മാസക്കാലം നടത്തിയ പരിശോധനയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ്അംഗീകരാരത്തിന്അർഹത നേടിയത്. ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസായി അടിമാലിഓഫീസ്മാറി. നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് ഇന്ന് ലഭിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ വി പറഞ്ഞു.
പഠനാവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന വിദ്യാർത്ഥികളുടേയും ഇതര ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടേയും അറിവിലേക്കായി ഓഫീസ് പരിസരത്ത് നിൽക്കുന്ന വൃക്ഷങ്ങളുടേയും സസ്യങ്ങളുടേയും പേര്, ശാസ്ത്രീനാമം എന്നിവ രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു.മാലിന്യ സംസ്‌ക്കരണം,മുളവേലി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയൊക്കെ തീർത്ത് ഓഫീസ് പരിസരം ഹരിതാഭമാക്കിയിട്ടുണ്ട്.ഓഫീസ് കെട്ടിടത്തിന് ഉൾവശവും ഭംഗിയുള്ളതാക്കി കഴിഞ്ഞു.റെയിഞ്ച് പരിധിയിൽ വരുന്ന ആദിവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനം മുൻനിർത്തി വനസംരക്ഷണ സമിതികളുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ നടത്തിപ്പോരുന്നുണ്ട്. ആദിവാസി വിഭാഗക്കാരായ കുട്ടികൾക്ക് പി .എസ്. സി പരിശീലനം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു