post

കോട്ടയം: 'ടേക്ക് കെയർ വാവ സുരേഷ്', 'പ്രാർത്ഥനകളോടെ' തുടങ്ങിയ ടാഗ്‌ ലൈനുകളോടെ സോഷ്യൽ മീഡിയയിൽ വാവ സുരേഷിനായി പ്രാർത്ഥന നേർന്നുള്ള പോസ്റ്റുകൾ നിറയുകയാണ് .പാമ്പിനെ പിടിക്കാൻ ഏത് കോണിൽ നിന്നു ഫോൺ വിളിച്ചാലും വിളിപ്പുറത്ത് എത്തുന്നയാളാണ് വാവ സുരേഷ്. കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനായി എത്തിയപ്പോഴാണ് മൂർഖന്റെ കടിയേറ്റത്. കുറിച്ചിക്കാർ ഭീതിയിൽ നിന്നു മോചനം നേടിയെങ്കിലും വാവാ സുരേഷിന്റെ ജീവൻ അപകടത്തിലായത് അവരെ വല്ലാതെ വേദനിപ്പിക്കുന്നു. ഈ ഗ്രാമത്തിനൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വാവാ സുരേഷിനായി പ്രാർത്ഥനയെത്തുന്നു. അശുഭമായതൊന്നും സംഭവിക്കരുതെന്ന പ്രാർത്ഥനയാണ് വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിലെങ്ങും. സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. തുടർന്ന് പാമ്പിനെ പിടികൂടുമ്പോൾ ശ്രദ്ധിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നുമുള്ള അഭ്യർത്ഥനകളും ഇതോടൊപ്പമുണ്ട്.