പെരുവന്താനം: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 2015-20 കാലഘട്ടത്തിൽ പെരുവന്താനം പഞ്ചായത്തിൽ കോടികളുടെ അഴിമതി നടന്നെന്ന് യു.ഡി.എഫ് ഭരണസമിതി. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ശുപാർശ ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് ടോമിന സജി അറിയിച്ചു.
2018-19 വർഷത്തിലെ ശബരിമല ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. സെക്രട്ടറിക്കു സസ്‌പെൻഷനും പ്ലാൻ ക്ലർക്കിന് സ്ഥലം മാറ്റവും ഉണ്ടായി. 2018-19 ലെ പ്രളയത്തിന്റെ മറവിൽ റോഡിലുണ്ടായ മണ്ണ് നീക്കം ചെയ്ത വകയിൽ എട്ടുലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് നടന്നത്. ഓഡിറ്റിംഗിനിടെ അഴിമതി കണ്ടെത്തിയപ്പോൾ പഞ്ചായത്ത് ഓവർസിയറെ സസ്‌പെൻഡ് ചെയ്തിരുന്നു. എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കുളങ്ങൾ കുത്തിയെന്ന് വ്യാജ രേഖയുണ്ടാക്കി 4,70,000 രൂപ തട്ടിപ്പു നടന്നതായും പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.