mannenna

കോട്ടയം: ചൂടിന് കാഠിന്യമേറുന്നതിനാൽ, തണുപ്പ് തേടിയാണ് വീടുകളുടെ പരിസരത്തേയ്ക്ക് പാമ്പുകൾ എത്തുന്നത്. എലിയെയും മറ്റും പിടിക്കാൻ വൃത്തിഹീനമായ ഇടങ്ങളിലും പാമ്പുകൾ എത്തും. തണുപ്പ് തേടി വരുന്ന പാമ്പുകൾ വീടുകളുടെ പരിസരങ്ങളിൽതന്നെ പതുങ്ങിയിരിക്കാൻ സാദ്ധ്യത ഏറെയാണ്. കല്ലുകൾ, തേങ്ങാ തൊണ്ടുകൾ, വിറക്, കരിയിലകൾ എന്നിവ കൂട്ടിയിടാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. എലി, തവള, അരണ എന്നിവ പോലുള്ള ഇരകളുടെ പൊത്തുകൾ വീടിനു സമീപം ഇല്ലെന്ന് ഉറപ്പുവരുത്തുക. വെളിച്ചത്തിലും നിലത്ത് കാലനക്കിയും നടക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വെളുത്തുള്ളിയും മണ്ണെണ്ണയും തളിച്ചാൽ പാമ്പ് വരില്ല എന്നത് മിഥ്യാധാരണയാണ്. പാമ്പുകൾക്ക് ഇതിന്റെയൊന്നും ഗന്ധം അറിയുന്നതിനുള്ള കഴിവില്ല. മണ്ണെണ്ണ പാമ്പിന്റെ ശരീരത്തിൽ വീണാൽ ശരീരമുരുകി ചത്തുപോകുമെന്നു മാത്രം. നമുക്ക് ആസിഡ് പോലെയാണ് പാമ്പുകൾക്ക് മണ്ണെണ്ണ. പാമ്പുകളെ പ്രകോപിപ്പിക്കാതിരുന്നാൽ സാധാരണഗതിയിൽ അവ ഇഴഞ്ഞു പൊയ്ക്കോളും. കൂടുതൽ പ്രകോപിപ്പിച്ചാൽ ഇരട്ടി വിഷം ഇരയിലേക്ക് പ്രയോഗിക്കും. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് ഇവയുടെ ഇണചേരൽ. ഈ സമയത്തും പ്രകോപിതരാകാം. കഴിയുന്നത്ര അകലം പാലിക്കുകയും മടികൂടാതെ വനപാലകരെ അറിയിക്കുകയുമാണ് വേണ്ടത്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന വിംഗ് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. നമ്പർ: 9847021726.