vava-suresh

കോട്ടയം: വാവ സുരേഷിനായി ലോകമെമ്പാടുമുള്ള മലയാളികൾ നടത്തുന്ന പ്രാർത്ഥനയും കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ ചികിത്സയും ഫലം കാണുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും നില അൽപ്പം മോശമായെങ്കിലും വാവ സുരേഷ് ജീവിതത്തിലേയ്ക്ക് തരികെ വരികയാണ്. എങ്കിലും 48 മണിക്കൂർ അതിനിർണായകമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പറഞ്ഞു.

ഇന്നലെ രാവിലെയോടെ വിളിച്ചാൽ കാര്യമായി പ്രതികരിക്കാത്ത സ്ഥിതിയുണ്ടായി. എന്നാൽ മരുന്നിന്റെ ഡോസ് കൂട്ടിയതോടെ നില വീണ്ടും മെച്ചപ്പെട്ടു. ഇത് ആശാവഹമാണെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

പാമ്പുകടിയേൽക്കുന്നവർക്ക് സാധാരണ 48 മണിക്കൂർ വെന്റിലേറ്റർ മതിയാകും. ചിലർക്ക് ഇത് 72 മണിക്കൂറും അതിലപ്പുറവും വേണ്ടിവരുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. വാവയുടെ കാര്യത്തിൽ അടുത്ത 48 മണിക്കൂർ കൂടി നിർണായകമാണ്. ആന്റിവെനം അടക്കം വിവിധ മരുന്നുകൾ നൽകുന്നുണ്ട്. ഇത് വരും ദിവസങ്ങളിൽ തുടരേണ്ട സാഹചര്യമാണുള്ളത്. എന്നാൽ പലതവണ പല പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ആന്റിവെനം നൽകുന്നത് അലർജിക്കിടയാക്കാം.

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറഞ്ഞതാണ് പ്രധാന വെല്ലുവിളി. ഇത് ഓർമശക്തിയും സംസാരശേഷിയുമൊക്കെ നഷ്ടപ്പെടുത്താം. രക്തപ്രവാഹം കൂട്ടാൻ ന്യൂറോ വിഭാഗം പ്രത്യേക മരുന്നുകൾ നൽകുന്നുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നത് അനുകൂല സൂചനയാണ്. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ചലനം വർദ്ധിപ്പിക്കാൻ കൈയ്ക്കും കാലിനും ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. ഇൻഫെക്‌ഷനുള്ള സാദ്ധ്യതയും വെല്ലുവിളിയാണ്. വൃക്ക,​ കരൾ എന്നിവയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് എസ്.ഷർമദ് ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.