
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഐ.സി.യുവിന്റെ മുന്നിൽ സദാസമയമുണ്ട് വാവയുടെ ജ്യേഷ്ഠ സഹോദരൻ സത്യദാസ്. നിലയ്ക്കാത്ത ഫോൺ കോളുകളുടെ അങ്ങേതലയ്ക്കലുള്ളവർക്ക് അറിയേണ്ടതൊന്നുമാത്രം, ''ഞങ്ങളുടെ വാവയ്ക്ക് എങ്ങനെയുണ്ട്''!
രണ്ട് ദിവസമായി സത്യദാസും ഭാര്യ ജെസിയും സഹോദരി ലാലിയും ബന്ധു സന്തോഷും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയിട്ട്. ഇതിന് മുൻപ് പലതവണ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞപ്പോഴും പ്രാർത്ഥനയോടെ ഇവർക്കൊപ്പം മലയാളികളെല്ലാമുണ്ടായിരുന്നതിന്റെ ആത്മവിശ്വാസമുണ്ട് മുഖത്ത്. '' ഇനി അവനുമായേ ഞങ്ങൾ വീട്ടിൽ പോകൂ. അതുവരെ ഇവിടെയുണ്ടാവും. ഞങ്ങളുടെ വാവ തിരിച്ചുവരും. എനിക്ക് നല്ല ഉറപ്പുണ്ട്'' -സത്യദാസ് പറയുന്നു.
വാവ സുരേഷിന്റെ മൂത്ത സഹോദരനായ സത്യദാസിന് വാവ അനുജൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. സഹോദരങ്ങളിൽ ഏറ്റവും അടുപ്പവും വാവയോടാണ്. ചെറുപ്പം മുതലേ സഹജീവികളോട് വാവ കാണിക്കുന്ന കാരുണ്യം പലതവണ സത്യദാസ് നേരിട്ട് കണ്ടിട്ടുണ്ട്. '' അവൻ ഇന്നുവരെ ഒരാളെയും ദ്രോഹിച്ചിട്ടില്ല. ഒരു ജീവിയേയും വേദനിപ്പിച്ചിട്ടില്ല. അവനൊന്നും വരില്ല''- സത്യദാസ് പറഞ്ഞു. വഴിയിൽ കാണുന്ന പൂച്ചയേയും പട്ടിയെയും വീട്ടിൽ കൊണ്ടു വന്ന് വളർത്തി തുടങ്ങിയതാണ് വാവയുടെ ചെറുപ്പം. ഉള്ളതെല്ലാം മറ്റുള്ളവർക്ക് മനസറിഞ്ഞു നൽകുന്ന പ്രകൃതം. വാവയുടെ കാരുണ്യം നേരിട്ട് അറിഞ്ഞവർ മാത്രമല്ല, വിദേശത്ത് നിന്ന് വരെ സത്യദാസിനെ വിളിച്ച് ആശുപത്രി വിവരം തരിക്കുന്നവർ ഏറെയാണ്. വാവയുടെ രണ്ട് ഫോണും സ്വിച്ച് ഒഫ് ചെയ്തുവച്ചിരിക്കുകയാണ്.