
കോട്ടയം: 2021 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സർപ്പ ആപ്പ് മുഖേന അറിയിച്ചതനുസരിച്ച് പിടികൂടിയ പാമ്പുകളുടെ ആകെ എണ്ണം 6851 ആണ്. മൂർഖൻ 1999, ശംഖ് വരയൻ 66, അണലി 360, പെരുമ്പാമ്പ് 1261, ചേര 759, കിംഗ് കോബ്രാ 60, വിഷമില്ലാത്തവ 2337 എന്നിങ്ങനെയാണ് കണക്ക്. കോട്ടയം ജില്ലയിൽ നിന്ന് പിടികൂടിയത് 650 എണ്ണത്തെയാണ്. വിഷമുള്ള പാമ്പുകളെ പിടികൂടി വനത്തിൽ വിടുകയും വിഷമില്ലാത്തവയെ ആവാസ വ്യവസ്ഥയ്ക്ക് ആവശ്യമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി വിട്ടയക്കുകയുമാണ് ചെയ്യുന്നത്.
ജില്ലയിൽ പ്രവർത്തിക്കുന്ന 43 റെസ്‌ക്യൂവർമാരുടെ പ്രവർത്തനം കോ ഒാർഡിനേറ്ററുടെ കീഴിലാണ്. പൊതുജനങ്ങൾ ഉൾപ്പെടെയുള്ള വോളന്റിയർമാർ റെസ്‌ക്യൂവർമാരായുണ്ട്. കോ ഒാർഡിനേറ്ററുടെ നിർദേശം ഇല്ലാതെ റെസ്‌ക്യൂവർമാർക്ക് സ്വയം പ്രവർത്തിക്കാൻ സാധിക്കില്ല. ഓരോ ജില്ലയ്ക്കും സ്‌നേക്ക് റെസ്ക്യൂ വാട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. ആപ്പിൽ ലഭിക്കുന്ന പരാതി കോ ഒാർഡിനേറ്ററുടെ ഓഫീസിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ഇവിടെ നിന്നും കൃത്യതയും പ്രാധാന്യവും ഉറപ്പുവരുത്തും. ഗ്രൂപ്പിൽ ലൊക്കേഷനും നമ്പരും ഫോട്ടോയും ഉൾപ്പെടെ അയക്കും. തുടർന്ന് ഏറ്റവുമടുത്ത ലൊക്കേഷൻ റെസ്‌ക്യൂവറെ ഫോണിൽ ബന്ധപ്പെടും. ഇവർക്ക് അസൗകര്യമുണ്ടെങ്കിൽ അടുത്തുള്ള മറ്റ് റെസ്‌ക്യൂവറെ അറിയിക്കും. പരാതി അയച്ചവർക്ക് ആവശ്യമായ ബോധവത്ക്കരണവും കോ ഒാർഡിനേഷൻ ഓഫീസിൽ നിന്ന് നൽകും.