ചങ്ങനാശേരി: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ചങ്ങനാശേരി പാറയ്ക്കൽ ഭാഗത്ത് നിന്ന് മേൽപ്പാല നിർമ്മാണത്തിന് തുടക്കമായി. ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മങ്കൊമ്പ് പാലവും പൊളിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസംകൊണ്ട് പാലം പൂർണമായും പൊളിച്ചുനീക്കും. മൂന്നു മാസംകൊണ്ട് പത്ത് കിലോമീറ്റർ മേൽപ്പാലം പൂർത്തിയാക്കാനാണ് തീരുമാനം. എ.സി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുവാഹനങ്ങളും ആംബുലൻസുകളും പാലത്തിന് സമാന്തരമായി നിർമ്മിച്ച താത്കാലിക പാലം വഴിയും സമാന്തരപാതവഴിയും കടത്തിവിടും.
ബസുകൾ മങ്കൊമ്പുവരെ
ചങ്ങനാശേരിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ മങ്കൊമ്പ് ബ്ലോക്ക് കവലവരെയും ആലപ്പുഴയിൽ നിന്നുള്ളവ കൈനകരി വഴി മങ്കൊമ്പ് തെക്കേക്കര കവല വരെയും സർവീസ് നടത്തും. പുളിങ്കുന്നിൽ നിന്ന് ആലപ്പുഴയ്ക്കുള്ള സർവീസുകൾ രാമങ്കരി ടൈറ്റാനിക് പാലത്തിലൂടെ തായങ്കരി-ചമ്പക്കുളം വഴി തിരിച്ചുവിടും.