കോട്ടയം: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം കൊവിഡ് പ്രതിസന്ധിയിൽ അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയിലായിരുന്നു ആർപ്പൂക്കര വില്ലൂന്നിയിലെ റിൻസ് പോൾ. പ്രതിസന്ധിയുടെ ഇക്കാലത്താണ് കുടുംബശ്രീയും നോർക്ക റൂട്ട്‌സും ചേർന്ന് പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതി റിൻസ് പോളിന് തുണയാകുന്നത്. പദ്ധതിയിലൂടെ ലഭിച്ച ആദ്യ ഗഡു ഉപയോഗിച്ച് റിൻസ് പോൾ ആർപ്പൂക്കര വില്ലൂന്നിയിൽ എംപയർ കട്ട് ജെന്റ്‌സ് സല്യൂൺ എന്ന സംരംഭം ആരംഭിച്ചതോടെ പ്രതിസന്ധികളെ തരണം ചെയ്തു തുടങ്ങി.
ജില്ലയിൽ 131 പേർക്കാണ് ഇതുവരെ പ്രവാസി ഭദ്രത പദ്ധതിയിൽ ആദ്യഗഡു വിതരണം ചെയ്തത്. പലിശരഹിത വായ്പയായി രണ്ടുലക്ഷം രൂപവരെയാണ് പദ്ധതിയിലൂടെ നൽകുന്നത്. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയും സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചവർക്ക് പരിശോധനകൾക്ക് ശേഷം രണ്ടാം ഗഡുവും നൽകും.
കൃഷി,ചെറുകിട വ്യവസായ സംരംഭങ്ങൾ, പെന്റിംഗ്, ആർട്ട് ഗാലറികൾ എന്നിങ്ങനെ വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിനും ഓട്ടോറിക്ഷ വാങ്ങുന്നതിനുമുൾപ്പെടെ വായ്പ അനുവദിക്കും. സി.ഡി.എസുകൾ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. തിരിച്ചടവിന് ആദ്യ മൂന്നു മാസം മോറട്ടോറിയം ലഭിക്കും. പിന്നീടുള്ള 21 മാസത്തിനകം തിരിച്ചടവ് പൂർത്തിയാക്കണം.