പാലാ: ഇടക്കോലിയിൽ കടന്നലിന്റെ കുത്തേറ്റ് ഗൃഹനാഥനും ഭാര്യയും അയൽവാസിയുമുൾപ്പടെ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇടക്കോലി കൊട്ടാരത്തിൽ ബാബു(50), ഭാര്യ സുധ( 42), അയൽവാസി ശിവരാമൻ(53) എന്നിവർക്കാണ് കുത്തേറ്റത്. പറമ്പിൽ കെട്ടിയിരുന്ന ആടിന് നേർക്കാണ് കടന്നലിന്റെ ആക്രമണം ആദ്യം ഉണ്ടായത്. ആട് കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോഴാണ് ബാബുവും ഭാര്യയും അയൽവാസി ശിവരാമനും എത്തിയത്. കൂടിളകിയെത്തിയ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബോധരഹിതരായ ഇവരെ പാലായിൽ നിന്ന് അഗ്‌നിശമന സേനാംഗങ്ങൾ എത്തിയാണ് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.