
കോട്ടയം : ഇനി പ്രതീക്ഷ വേണ്ട... അറിയിക്കേണ്ടവരെ അറിയിച്ചോളൂ... 16 വർഷം മുമ്പ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞ വാക്കുകൾ കൈനടി ശ്രീവിലാസത്തിൽ ഉദയന്റെ കാതുകളിൽ ഒരു ഇടിമുഴക്കമായി ഇന്നുമുണ്ട്. ആശുപത്രിക്കിടക്കയിൽ ഭാര്യ ആശയെ വെള്ളപുതപ്പിക്കുമ്പോൾ, അലമുറയിട്ട ഉദയൻ അന്ന് നെഞ്ച് പിളരുന്ന കാഴ്ചയായി. പക്ഷേ, മൂർഖൻ പാമ്പിന്റെ ഉഗ്രവിഷത്തെയും തോൽപ്പിച്ച് ആശ ജീവിതത്തിലേക്ക് തിരച്ചെത്തി.
2006 ഫെബ്രുവരി 27 നാണ് കൈനടിയിലെ വീട്ടിൽവച്ച് ആശയ്ക്ക് മൂർഖന്റെ കടിയേൽക്കുന്നത്. ഇരുട്ട് വീണ് തുടങ്ങിയതിനാൽ കടിച്ചത് എന്തെന്ന് ആദ്യം വ്യക്തമായില്ല. മിനിറ്റുകൾക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടു. വൈകാതെ ആരോഗ്യസ്ഥിതി മോശമായി. ആശുപത്രിയിൽ എത്തിക്കുമ്പോൾ നില അതീവഗുരുതരം. ഹൃദയമിടിപ്പ് ഉൾപ്പെടെ താഴ്ന്നു. ഇനി രക്ഷയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. മരണമുറപ്പിച്ച് വെള്ള പുതപ്പിക്കുമ്പോൾ നെഞ്ചിന് താഴെ നേരിയ ചലനം. ജീവന്റെ തുടിപ്പ് കാട്ടിക്കൊടുത്തപോലെ. വീണ്ടും ഡോക്ടർമാർക്ക് പ്രതീക്ഷയായി. പിന്നെ വെന്റിലേറ്ററിലേക്ക്. ജീവിതത്തിനും മരണത്തിനുമിടയിൽ ഏഴ് ദിനം. എട്ടാം നാൾ ബോധം വീണ്ടെടുത്തു. ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോഴും നടന്നതെല്ലാം സ്വപ്നമെന്ന് വിശ്വസിക്കാനാണ് ആശയ്ക്ക് ഇഷ്ടം.
ഇപ്പോഴും ചികിത്സയിൽ
വിഷംതീണ്ടി 16 വർഷം പിന്നിടുമ്പോഴും ആശയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ശരീരവേദന, തലകറക്കം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പതിവാണ്. ചികിത്സ ഇപ്പോഴും തുടരുന്നു. ഭർത്താവ് ഉദയൻ മത്സ്യത്തൊഴിലാളിയാണ്. ശിവപ്രിയ, വിഷ്ണുപ്രിയ, ശിവ എന്നിവരാണ് മക്കൾ.