
കോട്ടയം : മൂർഖന്റെ കടിയേറ്റ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും നാഡികളുടെയും പ്രവർത്തനം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റി. കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മലയാളികളുടെ പ്രാർത്ഥനയും, കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ ചികിത്സയും ഫലം കണ്ടതോടെ ഇന്നലെ കണ്ണുതുറന്നു. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും സംസാരിച്ചു. സ്വന്തമായി ശ്വാസമെടുത്ത് തുടങ്ങി. അടുത്ത 48 മണിക്കൂർ ഐ.സി.യുവിൽ നിരീക്ഷിക്കും. ഹൃദയമിടിപ്പും രക്തസമ്മർദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. ദ്രവരൂപത്തിലുള്ള ആഹാരവും കഴിച്ചു തുടങ്ങി.
ജനുവരി 31ന് വൈകിട്ട് 4.15 നാണ് കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകിയെങ്കിലും ഗുരുതരാവസ്ഥയിലായതോടെ മന്ത്രി വി.എൻ.വാസവന്റെ നിർദ്ദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ആറംഗ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നിന്നു ഡോക്ടറെ എത്തിച്ചതിനു പുറമേ, സുരേഷിനുള്ള ചികിത്സ സൗജന്യമാക്കുകയും ചെയ്തു.
 പ്രാർത്ഥനയോടെ...
സുരേഷിന്റെ ഫേസ് ബുക്ക് പേജിൽ ചലച്ചിത്ര താരം ജയറാം, ശ്വേതാമേനോൻ, ലക്ഷ്മിപ്രിയ, നാദിർഷ തുടങ്ങി നിരവധിപ്പേർ പ്രാർത്ഥന പങ്കുവച്ചു. വിഷചികിത്സയ്ക്ക് പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിൽ സുരേഷിനായി കുറിച്ചി നിവാസികൾ ചുറ്റുവിളക്ക് ഉൾപ്പെടെയുള്ള വഴിപാടുകളും നടത്തിയിരുന്നു.
"ഞങ്ങളുടെ വാവ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. പതിനായിരങ്ങളുടെ പ്രാർത്ഥനയും അതിന് പിന്നിലുണ്ട്.
-സത്യദാസ്,
സുരേഷിന്റെ സഹോദരൻ