വൈക്കം: ഇത് എന്തൊരു കോലമാണ്. ഇനി ഏത് നിമിഷവും നിലംപൊത്താം... ഉദയനാപുരം വില്ലേജ് ഓഫീസിന്റെ അവസ്ഥ അത്രയ്ക്ക് ദയനീയമാണ്.
ഉദയനാപുരം പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറിയും ഭിത്തിയിൽ നിന്നും വേർപെട്ട് നിൽക്കുന്ന കട്ടിളയും അടർന്ന് വീഴാറായ കോൺക്രീറ്റ് മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ തറയുമായി തീർത്തും അപകടകരമായ സ്ഥിതിയിലാണ് വില്ലേജ് ഓഫീസ്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഓഫീസിൽ വെള്ളം കയറി പ്രധാനപ്പെട്ട പല രേഖകളും കമ്പ്യൂട്ടറും ഫർണിച്ചറും ഉൾപ്പെടെ നശിച്ചിരുന്നു. റോഡിൽ നിന്നും താഴ്ന്നു നിൽക്കുന്ന കെട്ടിടമായതിനാൽ ഒറ്റ മഴക്ക് തന്നെ ഓഫീസിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്ന പൊതുജനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും ഓഫീസിലില്ല. ജീവനക്കാരും ഈ അപകടകരമായ സാഹചര്യത്തെ നേരിട്ട് കൊണ്ടാണ് ജോലി ചെയ്യുന്നത്.
ഉദയനാപുരം വില്ലേജിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്റി കെ രാജന് നിവേദനം നൽകിയിട്ടുണ്ട്.
പി.എസ്. പുഷ്പമണി
(ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ അംഗം)