
കോട്ടയം : എത്രധൈര്യമുള്ളവരും പാമ്പിനെ കണ്ടാൽ ഒന്ന് ഞെട്ടും. എന്നാൽ എല്ലാ പാമ്പുകളും അപകടകാരികളല്ല. വിഷമുള്ളതും ഇല്ലാത്തതുമുണ്ട്. മൂർഖൻ, അണലി എന്നിവയാണ് കൂടുതൽ അപകടകാരി. കടിയേറ്റാൽ 90 ശതമാനം മരണമുറപ്പെന്നാണ് ഡോക്ടർമാർ പറയുന്നത്. അണലി രാത്രികാലങ്ങളിൽ മാത്രം സഞ്ചരിക്കുന്നവയും മൂർഖൻ പകൽ സമയങ്ങളിലും രാത്രികാലങ്ങളിലും സഞ്ചരിക്കുന്നവയാണ്. ശംഖ് വരയൻ, പെരുമ്പാമ്പ്, കിംഗ് കോബ്രാ, സാൾഡ് അണലി എന്നിവയാണ് മറ്റ് വിഷപ്പാമ്പുകൾ. ചേര, നീർക്കോലി, ശംഖുവരയന്റെ അപരൻ ചെന്നായപാമ്പ്, ചുവർ പാമ്പ് എന്നിവയാണ് വിഷമില്ലാത്തത്. ചൂട് കാലാവസ്ഥയായതിനാൽ തണുപ്പ് തേടി എല്ലാ ഇനം പാമ്പുകളെയും നിലവിൽ കണ്ടുവരുന്നുണ്ട്.
ലക്ഷണങ്ങളും, മുൻകരുതലുകളും
മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ നാഡിമണ്ഡലത്തെയാണ് ബാധിക്കുന്നത്. കണ്ണിന്റെ കാഴ്ച മറയും, ശ്വാസതടസം, തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ. അണലിയുടെ കടിയേറ്റാൽ വേഗത്തിൽ നീര് വയ്ക്കും, മൂത്രതടസം, അതിവേദന എന്നിവയാണ് ലക്ഷണങ്ങൾ. പാമ്പിന്റെ കടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കേണ്ടത് ഇരുത്തിയാകണം, ഭയം ഒഴിവാക്കണം, കടിയേറ്റ ഭാഗത്തിന് മുകളിൽ തുണി ഉപയോഗിച്ച് കെട്ടണം എന്ന് പറയുന്നുണ്ടെങ്കിലും ആളുകൾ മുറിവേറ്റ ഭാഗത്തിന് മുകളിലായി വരിഞ്ഞു മുറുക്കിയാണ് കെട്ടുന്നത്. കമ്പിന്റെ കഷ്ണം, സ്‌കെയിൽ എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വിരലിനു കടന്നു പോകത്തക്കവിധത്തിൽ വേണം കെട്ടേണ്ടത്. കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിഞ്ഞാൽ അതനുസരിച്ചാണ് ആന്റിവെനം നൽകുന്നത്.
ആന്റിവെനം ലഭിക്കുന്ന ആശുപത്രികൾ
മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം, ശിശു ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.എച്ച് ) ഗാന്ധിനഗർ, ജില്ലാ ജനറൽ ആശുപത്രി കോട്ടയം, ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രി ചങ്ങനാശേരി, ജനറൽ ആശുപത്രി പാലാ, സാമൂഹ്യ ആരോഗ്യകേന്ദ്രം എരുമേലി, താലൂക്ക് ആശുപത്രി വൈക്, കാരിത്താസ് ആശുപത്രി തെള്ളകം, ഭാരത് ആശുപത്രി കോട്ടയം, മാർ സ്ലീവാ മെഡിസിറ്റി പാലാ, സെന്റ് തോമസ് ആശുപത്രി ചെത്തിപ്പുഴ.
പാമ്പ് കടിയേറ്റയാളെ എത്രയും വേഗം ആന്റിവെനം ലഭിക്കുന്ന ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കണം. സർപ്പ ആപ്പിൽ ആന്റിവെനം ലഭിക്കുന്ന ആശുപത്രികളുടെ വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്
അബീഷ്, ജില്ലാ സ്‌നേക്ക് കോ-ഓർഡിനേറ്റർ