കൂടുതൽ കൊവിഡ് രോഗികൾക്ക് കിടത്തിചികിത്സാ സൗകര്യം

പാലാ: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു കഴിഞ്ഞതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.
ആർ.ഒ. പ്ലാന്റ് ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. ശീതീകരണ സൗകര്യങ്ങളും ഏർപ്പെടുത്തി.ഏതാനും ആഴ്ചക്കുള്ളിൽ ഡയാലിസിസ് കേന്ദ്രം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. ഡയാലിസിസ് കേന്ദ്രത്തിലേയ്ക്ക് ലിഫ്റ്റ് സംവിധാനത്തിനായി പി.ഡബ്ലി.യു.ഡി കെട്ടിട, വൈദ്യുത വിഭാഗങ്ങളുടെ നടപടികളും ഉടൻ പൂർത്തിയാകും. ഡയാലിസിസ് കേന്ദ്രത്തിലേക്ക് ആവശ്യമായ ജീവനക്കാരെ ഈ ആഴ്ച നിയമിക്കുമെന്നും ഇതിന്റെ ഇന്റർവ്യൂ നാളെ 11.30 ന് നടത്തുമെന്നും ചെയർമാൻ അറിയിച്ചു. വൃക്കരോഗ ചികിത്സാ വിഭാഗം കൂടി ഇതിനോടൊപ്പം ആരംഭിക്കാൻ ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആശുപത്രി കോംപൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായുള്ള ലേല നടപടികളും പൂർത്തിയായി. ഇതു വഴി കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുങ്ങും. നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിലർ ആർ.സന്ധ്യ ബിനു, ജയ്‌സൺ മാന്തോട്ടം, ജനറൽ ആശുപത്രി ലേ സെക്രട്ടറി അബ്ദുൾ റഷീദ് എന്നിവർ ആശുപത്രിയിൽ ഏർപ്പെടുത്തുന്ന പുതിയ ക്രമീകരണങ്ങൾ വിലയിരുത്തി.

കൂടുതൽ സൗകര്യങ്ങൾ

കിടത്തിചികിത്സ ആവശ്യമായി വരുന്ന എല്ലാ കൊവിഡ് രോഗികൾക്കുമായി ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.
60 പേർക്ക് കൂടി കിടത്തി ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്. മുഴുവൻ പേർക്കും സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്നും ചെയർമാൻ പറഞ്ഞു. സൗജന്യ ഭക്ഷണവും ലഭ്യമാക്കും. പുതിയ മന്ദിരത്തിലെ നാലാം നിലയിൽ കൂടി വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് വാർഡ് നിലവിലുള്ള ക്വാഷ്വാലിറ്റി ബ്ലോക്കിലേക്ക് താമസിയാതെ മാറ്റും. ഇതിനായി ഇവിടെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ പൈപ്പ് ലൈനുകൾ ഉടൻ സ്ഥാപിക്കും.


ഫോട്ടോ അടിക്കുറിപ്പ്

ജനറൽ ആശുപത്രിയിലെ പുതിയ ഉപകരണ സംവിധാനങ്ങൾ നഗരസഭാ ചെയർമാനും കൗൺസിലർമാരും സന്ദർശിക്കുന്നു