
സ്വപ്നയ്ക്ക് താൻ സഹായം ചെയ്തില്ലെന്നും ആത്മകഥയിൽ വെളിപ്പെടുത്തൽ
കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കു മേൽ സമ്മർദ്ദമുണ്ടായെന്നും ,തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതിയെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. കേസിൽ അറസ്റ്റിലാവുകയും,സസ്പെൻഷൻ കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തുകയും ചെയ്ത ശിവശങ്കറിന്റെ ആത്മകഥയിലാണ് വെളിപ്പെടുത്തൽ.കേസിൽ പ്രതി ചേർക്കപ്പെട്ട താൻ അനുഭവിച്ച പീഡനങ്ങൾ ആത്മകഥാരൂപത്തിലാക്കിയ 'അശ്വത്ഥാമാവ് വെറും ഒരു ആന ' വിതരണത്തിനെത്തും മുൻപ് വിവാദമായി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ശിവശങ്കർ അറസ്റ്റിലായത്. ഒരു വർഷം തികയുമ്പോഴാണ് ജയിൽ മോചനം വരെയുള്ള തന്റെ അനുഭവങ്ങളും ആരോപണങ്ങളും തുറന്നു പറച്ചിലുകളും അദ്ദേഹം നടത്തുന്നത്.
 ചീഫ് സെക്രട്ടറിയുടെ
ആരോപണം തെറ്റ്
സ്വർണക്കടത്ത് കേസിൽ താനാണ് 'കിംഗ് പിൻ ' എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞു വച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും താൻ നൽകിയില്ല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിന് താൻ ശുപാർശ ചെയ്തെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ ആരോപണവും ശരിയല്ല.
സ്വർണ്ണക്കടത്ത് കേസിൽ തന്നിലേക്കും അത് വഴി സർക്കാരിലേക്കും കാര്യങ്ങളെത്തിക്കാൻ ആസൂത്രിത
ശ്രമമുണ്ടായി. സ്വപ്നയുമായി മൂന്ന് വർഷത്തെ പരിചയമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചപ്പോൾ സ്വപ്ന ഫോൺ വഴിയും നേരിട്ടെത്തിയും സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിന് വേണ്ടി ഡ്യൂട്ടി അടയ്ക്കാതെ ആരോ അയച്ച സാധനങ്ങളാണെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നയ്ക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ താൻ അസ്തപ്രജ്ഞനായി.
 കുടുക്കാൻ വൻ
ഗൂഢാലോചന
വിമാനത്താവളത്തിൽ തടഞ്ഞുവച്ച ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന ആക്ഷേപം കെ.സുരേന്ദ്രനും, രമേശ് ചെന്നിത്തലയും ഉയർത്തി. സ്വർണം അയച്ചവരെ രക്ഷിക്കാനും, തന്നെ കുടുക്കാനും ഗൂഢാലോചനയുണ്ടായി. ദേശീയ അന്വേഷണ ഏജൻസികളുടെ ആദ്യഘട്ടം അന്വേഷണം കഴിഞ്ഞതോടെ നിലപാട് മാറ്റി. . മൊഴികൾ ദേശീയ അന്വേഷണ ഏജൻസികൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി. മാദ്ധ്യമങ്ങൾ തന്റ രക്തത്തിനായി ദാഹിച്ചു. തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയിലെ ഡോ. സുരേഷിനെ ഇ.ഡി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ശിവശങ്കറിന്റെ
ചോദ്യങ്ങൾ
കള്ളക്കടത്ത് സ്വർണം അയച്ചതാര്, വാങ്ങിയതാര്
 സാമ്പത്തിക ലാഭമുണ്ടായതാർക്ക്
തന്നെ കുറ്റവാളിയാക്കി ശ്രദ്ധ തിരിച്ച് വിടേണ്ട ആവശ്യമാർക്ക്
ഗൂഢാലോചന നടത്തിയത് ആരൊക്കെയായിരുന്നു