
കോട്ടയം : ജില്ലയിലെ പാടശേഖരങ്ങൾ പുഞ്ചക്കൃഷിയുടെ ഭാഗമായി പച്ചപുതച്ച് കിടക്കുകയാണ്. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്. മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ പുനർസംയോജയന പദ്ധതിടെയും ത്രിതലപഞ്ചായത്ത് സംവിധാനങ്ങളുടെയും സഹകരത്തോടെയാണ് കൃഷി. നിലം ഒരുക്കൽ, ഞാറ് നടീൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ തൊഴിലുറപ്പ് തൊഴിലാളികളും പദ്ധതിയുടെ ഭാഗമാണ്. അത്യുത്പാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുറഞ്ഞ അളവിൽ ജ്യോതിയുമുണ്ട്. 45 മുതൽ 60 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളാണ് വളർന്നു നിൽക്കുന്നത്. മാർച്ച് 1 മുതൽ കൊയ്ത്ത് ആരംഭിക്കാനാകും. കൃഷിയ്ക്ക് ആവശ്യമായ കൂലി ചെലവുകൾ ലഭ്യമാക്കുന്നത് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ്.
ഹെക്ടറിന് 5500 രൂപ സബ്സിഡി
ഹെക്ടറിന് 5500 രൂപ വരെയാണ് സബ്‌സിഡി ഇനത്തിൽ കർഷകർക്ക് ലഭിക്കുന്നത്. കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകുന്നത്. രജിസ്‌ട്രേഷൻ മുതലായ ചെലവുകൾക്കായി ഓപ്പറേഷണൽ സപ്പോർട്ട് എന്ന പദ്ധതി വഴി ഹെക്ടറിന് 360 രൂപ മുതൽ പരമാവധി 50000 രൂപ വരെ പാടശേഖര സമിതികൾക്കും നൽകുന്നുണ്ട്. കുറഞ്ഞത് 5 ഹെക്ടറെങ്കിലുമുള്ള പാടശേഖരങ്ങൾക്കാണ് തുക ലഭിക്കുക.
പദ്ധതികൾ നിരവധി
'ഒരു പൂ കൃഷി ഇരുപൂ ആക്കൽ' പദ്ധതി വഴി ഹെക്ടറിന് 10000 രൂപ വരെ സബ്‌സിഡിയായി കർഷകർക്ക് നൽകും. ആദ്യഘട്ടമായി തലയാഴം പഞ്ചായത്തിൽ 160 ഹെക്ടറിലും, കുമരകം പഞ്ചായത്തിൽ 62 ഹെക്ടറിലുമായി മൊത്തം 222 ഹെക്ടർ ഭൂമിയിൽ പദ്ധതി നടപ്പിലാക്കി. കൃഷിയിടങ്ങളിലെ മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിനായി കക്ക, ഡോളമൈറ്റ് എന്നിവയും നൽകുന്നു.
റോയൽറ്റി സ്‌കീമിൽ അപേക്ഷിക്കാം
റോയൽറ്റി സ്‌കീമിൽ പ്രതിവർഷം 2000 രൂപ വീതമാണ് ഉടമകൾക്ക് നൽകുന്നത്. കഴിഞ്ഞ വർഷം 65 ലക്ഷം രൂപയാണ് റോയൽറ്റിയായി കർഷകർക്ക് നൽകിയത്. കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായ കർഷകർക്ക് ഈ വർഷവും അപേക്ഷിക്കാം. കരം അടച്ച രസീത് മാത്രം എ.ഐ.എം എസ് പോർട്ടൽ വഴി അപ്‌ലോഡ് ചെയതാൽ മതി. പുതിയതായി അപേക്ഷിക്കുന്നവർ കരം അടച്ച രസീതും നെൽവയലിന്റെ വിവരങ്ങളും പോർട്ടലിൽ നൽകണം.