bamboo1

കോട്ടയം : പഴയ കാലത്തെ അടുക്കളയിൽ കണ്ടിരുന്ന മുള കൊണ്ടുള്ള പുട്ടുകുറ്റിയും നാഴിയുമൊക്കെ പുതിയ കാലത്തിലേക്കെത്തിക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയിൽ ലിജോമോൻ. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെയാണ് ലിജോ പഴമയിൽ പുതുമ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. പുതിയ ക്രോക്കറി ഉപകരണങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായ മുള കൊണ്ടാണ് നിർമ്മാണം. ഒരു കല്ലൻ മുളയ്ക്ക് 100 രൂപ നിരക്കിൽ ഇതിനായി ശേഖരിക്കും. തുടർന്ന് സൗകര്യപ്രദമായ വലുപ്പത്തിൽ മുറിച്ചെടുക്കും. വിഷാംശം പോകുന്നതിന് മഞ്ഞളും ഉപ്പും പുരട്ടി പുഴുങ്ങി രണ്ട് ദിവസം ഉണക്കും. ഉപകരണത്തിന് വേണ്ട വിധം ഒരുക്കിയെടുക്കും. പുട്ടുകുറ്റി, ഗ്ളാസ്, നാഴി, വാട്ടർ ജഗ്ഗ് തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്. പുട്ടുകുറ്റിയിൽ വെള്ളത്തിലിട്ട ചക്കരകയർ ചുറ്റും, അടപ്പിന് ചിരട്ടയാണ് ഉപയോഗിക്കുന്നത്. സാധാരണ ചില്ലു തന്നെയാണ് ഇവയ്ക്ക് ഉപയോഗിക്കും. ഈ പുട്ടുകുറ്റി കുക്കറിന്റെ മുകളിൽ വച്ച് ഉപയോഗിക്കാം. ഒരു പ്രാവശ്യം ഉപയോഗിച്ചശേഷം കഴുകി ഉണക്കിയ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ. ഗ്ലാസ് 100, വാട്ടർ ജഗ്ഗ് 250, പുട്ടുകുറ്റി 300, നാഴി 120 എന്നിങ്ങനെയാണ് വില.

കുറച്ചു കാലമായി ഇവ നിർമ്മിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്റ്റാൾ ക്രമീകരിച്ച് വിൽപ്പന ആരംഭിച്ചു. പഴമ ഇഷ്ടപ്പെടുന്നവർ വാങ്ങാൻ എത്തുന്നുണ്ട്.

' ജോലി നഷ്ടപ്പെട്ട സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തി, ചെറിയ തോതിൽ ബാംബൂ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കണമെന്നാണ് ആഗ്രഹം. ഒരു മുള കമ്പിന്റെ നടുഭാഗമാണ് ഉപയോഗിക്കുന്നത്. മറ്റ് വശം ഉപയോഗശൂന്യമാകും. ഇതിൽ നിന്ന് മറ്റ് അസംസ്‌കൃത വസ്തുക്കൾ നിർമ്മിക്കാനും പ്ലാനുണ്ട്.

-ലിജോ