
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ രണ്ട് ആംബുലൻസുകളും ഓടാതായതോടെ രോഗികൾ ദുരിതത്തിലായി.അടിമാലി താലൂക്കാശുപത്രിയിൽ നിന്നും തുടർ ചികിത്സക്കായി പലപ്പോഴും രോഗികളെ മെഡിക്കൽ കോളേജുകളിലേക്കുൾപ്പെടെ കൊണ്ടു പോകാറുണ്ട്.ഇതിനായി ആശുപത്രിയിലെരണ്ട്ആംബുലൻസുകൾ ഏറെ ഉപയോഗപ്പെട്ടിരുന്നു.എന്നാൽ അടിമാലി താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട്ആംബുലൻസുകളും ഇപ്പോൾ ഓടുന്നില്ല.ആംബുലൻസുകളിൽ ഒന്ന് അപകടത്തിൽപ്പെട്ട് വർക്ക്‌ഷോപ്പിലായതും മറ്റൊരു ഐസിയു ആംബുലൻസിൽ ജീവനക്കാരുടെ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.ആംബുലൻസുകൾ ഓടാതായതോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾ അവശ്യഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ആശുപത്രി കേന്ദ്രീകരിച്ച് 108 ആംബുലൻസ് സർവ്വീസ് ഉണ്ടെങ്കിലും ആവശ്യക്കാരുടെ ബാഹുല്യത്താൽ എല്ലാവർക്കും സേവനം ലഭിക്കണമെന്നില്ല.വാഹനാപകടങ്ങളിൽ പരിക്കേറ്റെത്തുന്നവർക്ക് വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടുന്ന സാഹചര്യങ്ങളിൽ താലൂക്കാശുപത്രിയിലെ ഐസിയു ആംബുലൻസ് സർവ്വീസ് ആളുകൾക്കേറെ സഹായകരമായിരുന്നു.ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും അധികം പ്രസവങ്ങൾ നടക്കുന്ന ആശുപത്രി കൂടിയാണ് അടിമാലി താലൂക്കാശുപത്രി.ദേവികുളം താലൂക്കിന് പുറമെ ഉടുമ്പചോല താലൂക്കിലെ ആളുകളും അടിമാലി താലൂക്കാശുപത്രിയെ ആശ്രയിച്ച് പോരുന്നു.ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് താലൂക്കാശുപത്രിയിലെ ആംബുലൻസ് സർവ്വീസുകൾ കാര്യക്ഷമമാക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായത്.