കാളികാവ് : കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ പുന:പ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 10ന് നടക്കുമെന്ന് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം സെക്രട്ടറി കെ പി വിജയൻ അറിയിച്ചു. ഇന്ന് മുതൽ 9 വരെ യാഗശാലയിൽ മുളപൂജയും ധാര, അഭിഷേകം, വിശേഷൽ പൂജ, ഹോമകലാശാഭഷേകം, സ്‌കാന്ദ ഹോമങ്ങൾ, ഭഗവതിസേവ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ, മേൽശാന്തി ടി.കെ സന്ദീപ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 8ന് രാവിലെ ബിംബശുദ്ധികലശപൂജയും കലാശാധിവാസവും നടക്കും. ഉച്ചയ്ക്ക് 12.5 നും 12.30 നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ.

10ന് ഉച്ചയ്ക്ക് 12.20നും 12.50നും മദ്ധ്യേ എം.എൻ ഗോപാലൻ തന്ത്രിയുടെ മുഖ്യകർമ്മികത്വത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠയും സ്വാമി ധർമ്മ ചൈതന്യയുടെ കാർമ്മികത്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയും നടക്കും. 11ന് രാവിലെ പരിവാര പ്രതിഷ്ഠയും വൈകിട്ട് ഹോമകുണ്ഠങ്ങളുടെ ശുദ്ധിയും നടക്കും.
12ന് വൈകിട്ട് 5.30ന് വലിയ ബലിക്കല്ലിന്റെയും ധ്വജത്തിന്റെയും അധിവാശ ക്രിയ.
13ന് രാവിലെ വലിയ ബലിക്കൽ പ്രതിഷ്ഠ, 12.8 നും 12.30 നും മദ്ധ്യേ ധ്വജ പ്രതിഷ്ഠ. വൈകിട്ട് 4 ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണവും ദേവസ്വം കൗണ്ടർ ഉദ്ഘാടനവും നിർവഹിക്കും. യോഗം കൗൺസിർ സി.എം ബാബു, എം.ഡി ശശിധരൻ, കെ.എസ് കഷോർകുമാർ, ടി സി ബൈജു, സുധ മോഹൻ, ജഗദമ്മ തമ്പി, കെ വി ധനേഷ്, സി എം പവിത്രൻ, എം പി സലിം കുമാർ, എൻ ബാബു, കെ അനിൽകുമാർ, കെ ജി മനോജ്, സി കെ ശശി, ടി ജി ശശിധരൻ, ബനേഷ് കുമാർ എന്നിവർ പ്രസംഗിക്കും. ദേവസ്വം സെക്രട്ടറി കെ പി വിജയൻ സ്വാഗതവും ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ നന്ദിയും പറയും.
തുടർന്ന് വൈകിട്ട് 7 നും 8 നും മദ്ധ്യേ ഉത്സവം കൊടിയേറും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ശ്രീഭൂതബലി, ശ്രീബലി, കലാശാഭഷേകം, കാഴ്ച്ചശ്രീബലി, വിലക്കിനെഴുന്നള്ളിപ്പു എന്നിവ നടക്കും. 18ന് രാവിലെ 10ന് ഉത്സവബലി, 12.30ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് കാവടിവരവ്, 9ന് പള്ളിവേട്ട.
19ന് വൈകിട്ട് 6ന് യാത്രാബലി, ആറാട്ടു പുറപ്പാട്, ആറാട്ടു, മഹാകാണിക്ക.