dead

കോട്ടയം : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്കു വിട്ടു നല്കി. പൊലീസ് മൃതദേഹം വീണ്ടും മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. നവംബർ 25 ന് കറുകച്ചാൽ ചിറയ്ക്കൽ കവലയ്ക്കു സമീപം ബുള്ളറ്റ് മോട്ടോർ സൈക്കിൾ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് കറുകച്ചാൽ ചമ്പക്കര ഉമ്പിടി കരിമലയിൽ വിജയന്റെ മകൻ വിഷ്ണു (21) മരിച്ചത്. ബുധനാഴ്ചയാണ് മരിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. വ്യാഴാഴ്ച രണ്ടിന് സംസ്‌കാരം നടത്തുന്നതിന് ബന്ധുക്കൾ തീരുമാനിക്കുകയും, ക്രമീകരണം നടത്തുകയും ചെയ്തു. ഇതിനിടയിൽ കറുകച്ചാൽ പൊലീസ് മരണ വിവരം അറിയുകയും, പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തി. ഡോക്ടർമാർക്ക് പറ്റിയ പിഴവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ രാവിലെ മൃതദേഹവുമായി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലെത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്നാണ് സംസ്‌കാരം നടത്തിയത്. മാതാവ് : ഗീത. സഹോദരി : വിദ്യ.