വൈക്കം: വൈക്കം ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സി.പി.എം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച പെരുവയിൽ മരിച്ച മനോജിന്റെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തീകരിച്ച് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. വൈക്കം ആശുപത്രിയിൽ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യാമെന്ന് ആർ.എം.ഒ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം നടക്കാത്തതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ബന്ധുക്കളോട് തട്ടിക്കയറിയതായി പരാതിയുണ്ട്. തുടർന്ന് ബന്ധുക്കൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്യാമെന്ന് പറയുകയും അവസാന നിമിഷം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നത് ഇവിടെ പതിവാണെന്നും ആരോപണമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ബഹുജനസമരം സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറി സി.പി.ജയരാജ് വ്യക്തമാക്കി.