വെച്ചൂർ : ഗ്രാമീണ മേഖലകളിൽ ഫലവൃക്ഷങ്ങളും ഔഷധ ഗുണമുള്ള മരങ്ങളും വച്ചു പിടിപ്പിച്ച് ഹരിതാഭ പകരാൻ വനം വകുപ്പ് നഴ്‌സറി ഒരുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വെച്ചൂർ പഞ്ചായത്ത് ചേരകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ ഒരുക്കിയ നഴ്‌സറിയിൽ വിത്തുപാകി വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. നെല്ലി, ഉങ്ങ്, പേര, ദന്ത പാല, രക്തചന്ദനം, വാളംപുളി, കുടംപുളി തുടങ്ങി 10 ഇനം വൃക്ഷ തൈകളുടെ വിത്തുപാകിയാണ് ഇവിടെ മുളപ്പിക്കുന്നത്. പത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നഴ്‌സറിയുടെ പരിപാലന ചുമതല. വെച്ചൂർ പഞ്ചായത്തിലെ 4600 ഓളം കുടുംബങ്ങളിലും പാതയോരങ്ങളിലും വൃക്ഷ തൈകൾ നടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.