vava

കോട്ടയം: ''വാവേ ഇനി റൂമിലേക്ക് മാറാം'' - ഡോക്ടർമാരുടെ വാക്കുകൾ കേട്ടതോടെ ക്രിട്ടിക്കൽ കെയർ ഐ.സി.യുവിൽ നിന്ന് ചക്രക്കസേര ഒഴിവാക്കി, മെല്ലെ നടന്ന് തൊട്ടടുത്തുള്ള മുറിയിലേക്ക് ഇന്നലെ രാവിലെ വാവ സുരേഷ് മാറി. പതുക്കെ സംസാരിച്ചും ഭക്ഷണം കഴിച്ചും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ് അദ്ദേഹം.

വെന്റിലേറ്റർ നീക്കിയതിന് പിറകെ ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്നാണ് ഐ.സി.യുവിന് തൊട്ടടുത്ത് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഡോക്ടർമാരുടെ കൈപിടിച്ച് നടന്നെത്തിയ വാവ കൈകൂപ്പി എല്ലാവരോടും നന്ദി പറഞ്ഞു. 'ഡോക്ടർജി നന്ദി'- സ്നേഹം തുളുമ്പുന്ന വാക്കുകൾ. പഴയകാര്യങ്ങളെല്ലാം നന്നായി ഓർക്കുന്നുണ്ട്. കുടുംബകാര്യങ്ങളും സുഹൃത്തുക്കളെയുമൊക്കെ തിരക്കി.

സഹോദരിയടക്കമുള്ള ബന്ധുക്കൾ പുറത്തുണ്ട്. അടുത്ത സുഹൃത്ത് സന്തോഷാണ് റൂമിൽ ഒപ്പമുള്ളത്. കഞ്ഞിയും ഓറഞ്ച് ജ്യൂസും കഴിച്ചു. അധികം സംസാരിക്കേണ്ടെന്നാണ് ഡോക്ട‌ർമാരുടെ നിർദ്ദേശം. നിശ്ചിത ഇടവേളകളിൽ വിവിധ വകുപ്പ് മേധാവികൾ ആരാേഗ്യനില നിരീക്ഷിക്കുന്നുണ്ട്. ആന്റി ബയോട്ടിക് ഉൾപ്പെടെ മരുന്നുകൾ തുടരുന്നുണ്ടെന്ന് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു.