അടിമാലി: കുരിശുപാറ മേഖലയിൽ ദേശസാൽക്കൃത ബാങ്കുകളിൽ ഏതെങ്കിലുമൊന്നിന്റെ എടിഎം കൗണ്ടർ സ്ഥാപിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നാവശ്യം.പള്ളിവാസൽ പഞ്ചായത്തിലുൾപ്പെടുന്ന കുരിശുപാറ മേഖല അടിമാലിയുമായി ചേർന്ന് കിടക്കുന്ന പ്രദേശം കൂടിയാണ്.വിവിധ വ്യാപാര സ്ഥാപനങ്ങളും ഹോംസ്റ്റേകളും റിസോർട്ടുകളുമൊക്കെ കുരിശുപാറയിൽ ഉണ്ട്.തോട്ടം മേഖലയിൽ നിരവധി അയൽ സംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നു.പക്ഷെ പണമിടപാട് കൂടുതൽ സുഗമമാക്കാൻ പ്രദേശത്ത് ദേശസാൽക്കൃത ബാങ്കുകളിലൊന്നിന്റെയും എടിഎം കൗണ്ടറില്ല.എടിഎം കൗണ്ടർ വഴി പണമിടപാട് നടത്തണമെങ്കിൽ പ്രദേശത്തെ ആളുകൾ അടിമാലിയിലോ മൂന്നാറോ മാങ്കുളത്തോ എത്തണം.
വിനോദ സഞ്ചാരമേഖലയായി കൂടി വളർന്നു കൊണ്ടിരിക്കുന്ന കുരിശുപാറയിൽ സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്.പ്രദേശത്തെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന അയൽ സംസ്ഥാന തൊഴിലാളികൾക്കും കുരിശുപാറയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്കും സമീപ പ്രദേശങ്ങളായ പീച്ചാട്, പ്ലാമല, കൈനഗിരി, കല്ലാർ, കോട്ടപ്പാറ തുടങ്ങിയ ഇടങ്ങളിലെ ആളുകൾക്കും കുരിശുപാറയിൽ ദേശസാൽക്കൃത ബാങ്കുകളിലേതെങ്കിലുമൊന്നിന്റെ എടിഎം കൗണ്ടർ സ്ഥാപിക്കപ്പെട്ടാൽ അതിന്റെ പ്രയോജനം ലഭിക്കും.