
കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എൽസി അടക്കമുള്ളവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സർവകലാശാലയിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. അതിരമ്പുഴയിൽ നിന്ന് ആരംഭിച്ച മാർച്ച് സർവകലാശാല കവാടത്തിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ കവാടം ഉപരോധിച്ചു. വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പരസ്പരം വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. അന്വേഷണം എൽസിയിൽ മാത്രം അവസാനിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിച്ച് എൽസിക്ക് നിയമനം നൽകിയ സിൻഡിക്കേറ്റ് അംഗങ്ങളെക്കുറിച്ചു കൂടി ഉൾപ്പെടുത്തി വിജിലൻസ് അന്വേഷണം നടത്തണം.
ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സുബിൻ മാത്യു, ജോബി ചെമ്മല, മാത്യു കെ ജോൺ, അരുൺ രാജേന്ദ്രൻ, അലോഷ്യസ് സേവ്യർ, അൻസാർ മുഹമ്മദ്, നിധിൻ പുതിയിടം, വൈശാഖ് പി.കെ, ഡെന്നിസ് ജോസഫ്, സച്ചിൻ മാത്യു, ബിബിൻ രാജ്, ആൽഫിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി