ciga

കോട്ടയം : വിദേശ ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റ് ജില്ലയിൽ വ്യാപകമായി വിറ്റഴിക്കുന്നതായി എക്‌സൈസ് ഇന്റലിജൻസ്. നിലവാരം കുറഞ്ഞ പുകയിലയിൽ നിർമ്മിക്കുന്ന ഇവ നികുതിയടയ്ക്കാതെയും നിയമാനുസൃത മുന്നറിയിപ്പുകളില്ലാതെയുമാണ് വില്പന നടത്തുന്നത്. വിദേശത്ത് ഉത്പാദിപ്പിച്ച് ശ്രീലങ്ക വഴിയാണ് കൊച്ചിയിലെത്തിക്കുന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തും.

പ്രമുഖ വിദേശ ബ്രാൻഡുകളുടെ സിഗരറ്റുകളെന്ന് തോന്നിക്കും വിധമാണ് പായ്ക്കിംഗ്. എന്നാൽ പേരിൽ ചെറിയ മാറ്റം വരുത്തും. സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് രണ്ടു മാസമാണ്. അതിനാൽ പായ്ക്കറ്റിൽ നിർമ്മാണ തിയതിയും ഉപയോഗ കാലയളവും നിർമ്മിച്ച കേന്ദ്രവും രേഖപ്പെടുത്തണം. വ്യാജനിൽ ഇവയൊന്നും ഉണ്ടാകില്ല.


ഇവർക്ക് പിടികൂടാം

വ്യാജ സിഗരറ്റ് പിടികൂടേണ്ട ചുമതല പൊലീസ്, എക്‌സൈസ്, ലീഗൽ മെട്രോളജി വകുപ്പുകൾക്കാണ്. എക്‌സൈസ് നികുതി അടയ്ക്കാതെ വിൽക്കുന്ന പുകയില ഉത്പന്നങ്ങൾ എന്ന നിലയിൽ എക്‌സൈസിന് ഇതു തടയാനും കേസെടുക്കാനും അധികാരമുണ്ട്. വില, നിർമ്മാണ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്താതെ വിൽക്കുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിനും കള്ളക്കടത്ത് സാധനങ്ങളായതിനാൽ പൊലീസിനും പരിശോധന നടത്തി കേസെടുക്കാം.

ശ്രദ്ധിക്കാൻ

ഒറ്റനോട്ടത്തിൽ രാജ്യാന്തര ബ്രാൻഡ് പോലെ

വ്യാജൻ കൊച്ചിയിലെത്തുന്നത് ശ്രീലങ്ക വഴി

നികുതിയില്ല, നിയമപരമായ മുന്നിറിയിപ്പുമില്ല

വ്യാജൻ ആരോഗ്യത്തിന് കൂടുതൽ ഹാനികരം


സാധാരണ

സിഗരറ്റ്

73% നികുതി

'' പരിശോധന കർശനമാണ്. വ്യാജ സിഗരറ്റ് പിടികൂടുന്നുണ്ട്. നിരവധികേസുകളും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്''

എക്സൈസ് അധികൃതർ