mg

കോട്ടയം : എം.ബി.എ മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുമായി വനിതാ അസിസ്റ്റന്റ് സി.ജെ.എൽസി ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രസ്താവന യുദ്ധം വഴി കൊമ്പുകോർത്ത് എം.ജി സർവകലാശാലയിലെ ഭരണപക്ഷ - പ്രതിപക്ഷ യൂണിയനുകൾ. ഇടതുപക്ഷ സംഘടനാംഗമായ എൽസി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായതോടെ " അഴിമതിക്കാരെ ഒറ്റപ്പെടുത്തുക ജീവനക്കാരുടെ അന്തസ് സംരക്ഷിക്കുക " എന്ന പ്രസ്താവനയുമായി കോൺഗ്രസ് യൂണിയൻ രംഗത്തെത്തി. പ്രതിരോധത്തിലായ എംപ്ലോയീസ് അസോസിയേഷൻ കൈക്കൂലി കേസിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെയെല്ലാം നിയമനത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ബദൽ പ്രസ്താവന ഇറക്കി. ഇരു സംഘടനകളും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പഴയ അഴിമതി കേസുകൾ കൂടി പുറത്തിട്ടതോടെ സർവകലാശാലയ്ക്കുള്ളിൽ നാറ്റക്കേസുകളുടെ പ്രവാഹമായി.

പരീക്ഷാ വിഭാഗം അടിമുടി കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടി എൻ.മഹേഷ് ഇറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. പരീക്ഷാ സാങ്കേതിക വിഭാഗം ബന്ധു നിയമന വ്യവസ്ഥയിൽ വിരാജിക്കുന്ന "സാമന്തന്റെ " നിയന്ത്രണത്തിലാണ്. പരീക്ഷാ വിഭാഗത്തിൽ ഗഹസ്യാത്മകത പുലർത്തേണ്ട മാർക്കുകളുടെ ഡേറ്റ എൻട്രി നടത്തുന്നത് താത്ക്കാലിക ജീവനക്കാരാണ്. ജീവനക്കാരുടെ സ്വകാര്യ നമ്പരുകൾ വിദ്യാർത്ഥികൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് യൂണിയൻ സമരം നടത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ പേഴ്സണൽ നമ്പരുകളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയെന്ന് കൈക്കൂലി കേസിൽ തെളിഞ്ഞിരിക്കുകയാണ്. പരീക്ഷാ ഭവനിലെ സെക്ഷനുകളിൽ ഔട്ട് ഗോയിംഗ് സൗകര്യമുള്ള ഫോൺ ഇതുവരെ ഏർപ്പെടുത്താനും സർവകലാശാലയ്ക്ക് കഴിഞ്ഞില്ല. പൊതു സ്ഥലം മാറ്റത്തിലും എൽസി മാത്രം എം.ബി.എ സെക്ഷനിൽ തുടർന്നെന്നും പ്രസ്താവനയിൽ പറയുന്നു.

എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടി വി.പി മജീദിദ് ഇറക്കിയ പ്രസ്താവനയിൽ യൂണിയൻ യു.ഡി.എഫ് ഭരണ കാലത്ത് വ്യാജ ബി.കോം മാർക്ക് ലിസ്റ്റ് കേസിൽ പുറത്താക്കിയ യൂണിയൻ നേതാവിനെ അസിസ്റ്റന്റ് രജിസ്ടാറായി പ്രമോഷൻ നൽകി തിരിച്ചെടുത്ത സംഭവം വിവരിക്കുന്നു. എം,ബി.എ മാർക്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന യൂണിയൻ നേതാവ് എഴുത്തു പരീക്ഷ എഴുതാതെ ഇന്റർവ്യൂവിലൂടെ നിയമിക്കപ്പെട്ട ആളാണ്. സർവകലാശാലയിൽ യൂണിയന്റെ ഒത്താശയോടെ ബ്ലേഡ് മാഫിയ പ്രവർത്തിക്കുന്നു. എം.ബി.എ കൈക്കൂലി കേസിൽ ഉൾപ്പെട്ട ബ്ലേഡ് മാഫിയയിൽപ്പെട്ട യൂണിയൻ പ്രവർത്തകന്റെ മൊബൈൽ ഫോൺ വിജിലൻസ് പരിശോധനയിലാണ്. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.