
കോട്ടയം : കൊവിഡ് ബാധിച്ചോ എന്ന സംശയം തീർക്കാൻ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വയം പരിശോധന നടത്തുന്നവർ ഏറുന്നു. മൂന്നാം തരംഗം ആഞ്ഞുവീശുമ്പോൾ പരിശോധനാ കിറ്റുകൾക്കായി സമീപിക്കുന്നവരുടെ എണ്ണം കൂടുന്നതായി മെഡിക്കൽ സ്റ്റോറുടമകൾ പറയുന്നു. ലാബുകളിലെ തിരക്കിൽ നിന്ന് ഫലം ലഭിക്കാനുള്ള കാത്തിരിപ്പിൽ നിന്ന് ഒഴിവാകാം എന്നതും കൂടുതൽ പേരെ കിറ്റ് വാങ്ങാൻ പ്രേരിപ്പിക്കുകയാണ്. ചെറിയ രോഗ ലക്ഷണമുള്ളവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുമ്പോൾ, സ്വന്തമായി പരിശോധന നടത്താനുള്ള സംവിധാനം നിരവധിപ്പേർക്ക് സഹായകമാകുന്നുണ്ട്. 15 മുതൽ 30 മിനിറ്റിനുള്ളിൽ പരിശോധനാ ഫലമറിയാൻ കഴിയുന്ന കിറ്റുകളാണ് വിപണിയിൽ ലഭിക്കുന്നത്. നിലവിൽ പാൻ ബയോ, കൊവി സെൽഫ്, കൊവി ഫൈൻഡ് തുടങ്ങി ഏഴ് കമ്പനികൾ നിർമ്മിക്കുന്ന കിറ്റുകൾക്കാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരമുള്ളത്. 250 - 350 രൂപ വരെയാണ് വില.
ടെസ്റ്റ് കിറ്റ് ഓൺലൈനിലും
മെഡിക്കൽ സ്റ്റോറുകളിലും ഓൺലൈൻ വിപണിയിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്. രണ്ട് വയസ് മുതലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതും 18 വയസിന് ശേഷം മാത്രം ഉപയോഗിക്കാൻ കഴിയുന്നതും എന്നിങ്ങനെ പല തരത്തിലാണ് കിറ്റുകളാണ് ഓൺലൈനിൽ സ്റ്റോക്കുള്ളത്. ഒരു ബഫർ ട്യൂബ്, അണുവിമുക്ത നാസൽ സ്വാബ് സിറിൽ, ഡിസ്‌പോസിബിൾ ബാഗ്, നിർദേശ മാനുവൽ എന്നിവയോട് കൂടിയാണ് കിറ്റ് ലഭിക്കുന്നത്.
ഫലം മറച്ചുവയ്ക്കരുത്
എല്ലാ പരിശോധനകളുടെയും ഫലം സർക്കാരിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ സ്വയം പരിശോധനയിൽ ഫലം പോസിറ്റീവാകുന്ന എത്രപേർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുന്നു എന്നത് ചോദ്യചിഹ്നമാണ്. ആന്റിജൻ കിറ്റ് വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല.
ആശുപത്രിയിലോ ലാബിലോ പോകാതെ വീട്ടിലിരുന്ന് പരിശോധന നടത്താമെന്നതാണ് പരിശോധനാ കിറ്റുകളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചത്. കിറ്റ് വാങ്ങുന്ന എല്ലാവരും, ശരിയായ ഫലം ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വരണം.
- സൂരജ്, മെഡിക്കൽ സ്റ്റോർ ഉടമ